Skip to main content

താമരശ്ശേരി -പള്ളിപ്പുറം റോഡ് നവീകരണത്തിന് ഭരണാനുമതി 

 

2025-26 ബജറ്റിൽ കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി -പള്ളിപ്പുറം റോഡ് നവീകരണത്തിന് അനുവദിച്ച മൂന്ന് കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി ഡോ. എം കെ മുനീർ എംഎൽഎ അറിയിച്ചു.
താമരശ്ശേരിയിൽനിന്ന് ആരംഭിച്ച് പള്ളിപ്പുറത്ത് അവസാനിക്കുന്ന രണ്ട് കിലോമീറ്റർ റോഡ് പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. പരപ്പൻപൊയിൽ വഴി ദേശീയപാത 766 ലേക്കും തച്ചംപൊയിൽ വഴി കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലേക്കും ബൈപ്പാസായി ഈ റോഡ്‌ ഉപയോഗിക്കാനുമാകും.
5 മീറ്റർ വീതിയിൽ ബിഎം, ബിസി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ അഴുക്കുചാലും കലുങ്കും നിർമിക്കും. റോഡിന്റെ സാങ്കേതിക അനുമതിക്കായി എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും പ്രവൃത്തി ടെൻഡർ ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

ബജറ്റിൽ രണ്ട് കോടി അനുവദിച്ച കൊടുവള്ളി സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാംഘട്ട ഹോസ്റ്റൽ നിർമാണത്തിന്റെ എസ്റ്റിമേറ്റും കെട്ടിടത്തിന്റെ പ്ലാനും തയ്യാറാക്കൽ അന്തിമഘട്ടത്തിലാണ്. ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ച സിറാജ് ബൈപ്പാസ് റോഡിന്റെ അലൈൻമെൻ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട റവന്യൂ രേഖകളുടെ അടിസ്ഥാനത്തിലുള്ള സർവേ നടപടികൾ അവസാന ഘട്ടത്തിലാണ്.   10 മീറ്റർ വീതിയിൽ അഴുക്കുചാലും നടപ്പാതയും ഉൾപ്പെടെ ബിഎം, ബി സി നിലവാരത്തിലാണ് ബൈപ്പാസ് നിർമിക്കുക. ഇത് കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും എംഎൽഎ പറഞ്ഞു.

നരിക്കുനി ഗ്രാമപഞ്ചായത്തിൽ മൂന്നരക്കോടി രൂപ അനുവദിച്ച കാപ്പാട്-തുഷാരഗിരി അടിവാരം റോഡിലെ നരിക്കുനി അങ്ങാടി -പള്ളിയാർക്കോട്ട ഭാഗത്തെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. രണ്ട് കോടി രൂപ അനുവദിച്ചിരുന്ന നരിക്കുനി ബൈപ്പാസ് ഒന്നാംഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് ചീഫ് എൻജിനീയർ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും നിലവിൽ ഇത് സർക്കാരിന്റെ പരിഗണനയിലാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

date