അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കാൻ നിര്‍ദ്ദേശം
ജില്ലയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം/മരച്ചില്ലകള്‍ മുറിച്ചു നീക്കുന്നത് സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും വിവിധ വകുപ്പുകള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കി. മഴക്കാലത്ത് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരമാണ് നിര്‍ദേശം. സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുവാന്‍ പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 238 പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ചുമതല അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ അവ ഉടന്‍ തീര്‍പ്പാക്കണം. മരങ്ങള്‍ മരച്ചില്ലകള്‍ വീണ് അപകടം, നാശനഷ്ടം എന്നിവ ഉണ്ടാകുന്നില്ലെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും കൈവശഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ച് അപകടഭീഷണി ഒഴിവായി എന്ന് ഉറപ്പു വരുത്തണം. ഇതിനുള്ള തുക അതാത് വകുപ്പുകള്‍ തന്നെ കണ്ടെത്തേണ്ടതാണ്. മരങ്ങള്‍/ചില്ലകള്‍ മുറിച്ചു മാറ്റുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വകുപ്പുകള്‍ക്കായിരിക്കും മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും നഷ്മപരിഹാരം നല്‍കാന്‍ ബാധ്യത. അടിയന്തരമല്ലാത്ത സാഹചര്യത്തില്‍ ടി കമ്മിറ്റിയുടെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമേ മരങ്ങള്‍/ചില്ലകള്‍ മൂറിക്കാവൂ.
അപകടകരം എന്നും അടിയന്തരമായി മാറ്റേണ്ടത് എന്നും കണ്ടെത്തുന്ന മരങ്ങളും മരച്ചില്ലകളും മുറിക്കുവാനുള്ള അനുമതി നല്‍കുന്നതിനു പ്രാദേശികമായി അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനം റേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന ഒരു കമ്മിറ്റിയെ ഓറഞ്ച് ബുക്ക് പ്രകാരം ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് വിധേയമായി അടിയന്തരമായി മുറിക്കേണ്ട മരങ്ങള്‍/ ചില്ലകള്‍ ഉടന്‍തന്നെ മുറിക്കുവാനുള്ള നടപടികള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്.
സര്‍ക്കാരിന്റെ വിവിധ നിര്‍ദ്ദേശ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതാത് വര്‍ഷം വികസന ഫണ്ട്/സ്വന്തം ഫണ്ട് എന്നിവ ഉപയോഗിച്ച് ദുരന്ത പ്രതികരണ, പ്രതിരോധ പ്രോജക്റ്റ്കള്‍ തയ്യാറാക്കി നടപ്പാക്കേണ്ടതുണ്ട്. അതാത് വര്‍ഷം പഞ്ചായത്തി രാജ് ആക്ട്, സെക്ഷന്‍ 238 പ്രകാരം അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുവാന്‍ ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയുടെ പദ്ധതി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഉണ്ടാക്കേണ്ടതാണ്. തദേശ സ്ഥാപന പരിധിയിലെ (വകുപ്പ്, സ്ഥാപനം എന്നീ വകഭേദം ഇല്ലാതെ) എല്ലാ പ്രദേശത്തെയും മരങ്ങള്‍ ആവശ്യാനുസരണം കോതുവാനും, മുറിച്ച് മാറ്റുവാനും ആയിരിക്കണം ഈ പദ്ധതി.
അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാകാവുന്ന എല്ലാ അപകടങ്ങള്‍ക്കം നഷ്ട പരിഹാരം നല്‍കേണ്ട ബാധ്യത.
അടിയന്തര സാഹചര്യങ്ങളില്‍ മരങ്ങള്‍/ചില്ലകള്‍ മുറിച്ചു മാറ്റുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കും മറ്റു വകുപ്പുകള്‍ക്കും ആവശ്യമായ സഹായ - സഹകരണം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ്, കെ എസ് ഇ ബി തുടങ്ങിയ വകുപ്പുകള്‍/ ഏജന്‍സികള്‍ കൃത്യമായി ലഭ്യമാക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
- Log in to post comments