മട്ടന്നൂര്‍ നഗരസഭക്ക് ശുചിത്വത്തിന് ദേശീയ അംഗീകാരം ശുചിത്വത്തിനു ദേശീയ അംഗീകാരം സംസ്ഥാനത്ത് ആദ്യം
രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സര്‍വേയായ സ്വച്ഛ് സര്‍വേക്ഷന്‍ പ്രകാരം ചരിത്രത്തിലാദ്യമായി കേരളത്തിലെ ഒരു നഗരസഭക്ക് ശുചിത്വത്തിനു ദേശീയ അംഗീകാരം. മട്ടന്നൂര്‍ നഗരസഭയാണ് പ്രത്യേക വിഭാഗത്തില്‍ ''പ്രോമിസിംഗ് സ്വച്ഛ് ശഹര്'' അവാര്‍ഡിന് അര്‍ഹമായത്. ന്യൂഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പാര്‍പ്പിട-നഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടറില്‍ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സൺ എന്‍. ഷാജിത്ത്, എല്‍എസ്ജിഡി അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ, ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി ജോസ്, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ മുഹമ്മദ് ഹുവൈസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
മാലിന്യ സംസ്കരണരംഗത്ത് നടത്തിയ ഫലപ്രദമായ മാറ്റങ്ങളാണ് മട്ടന്നൂര്‍ നഗരസഭയ്ക്ക് പ്രത്യേക അംഗീകാരം ലഭിക്കാന്‍ ഇടയാക്കിയത്. അജൈവ മാലിന്യശേഖരണം, സംഭരണം, സംസ്കരണം എന്നിവ 100 ശതമാനത്തില്‍ എത്തിക്കാന്‍ മട്ടന്നൂര്‍ നഗരസഭയ്ക്ക് കഴിഞ്ഞു. ഖരമാലിന്യ ശേഖരണ സംവിധാനങ്ങള്‍, ദ്രവമാലിന്യ പരിപാലന സംവിധാനങ്ങള്‍, ചിക്കന്‍ വേസ്റ്റ് റെണ്ടറിംഗ് പ്ലാന്റ്, സാനിറ്ററി മാലിന്യ സംസ്കരണം, ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, വേസ്റ്റ് ടു ആര്‍ട്ട്, വണ്ടര്‍ പാര്‍ക്കുകള്‍, ഐഇസി ബോധവല്കരണം, ആര്‍ആര്‍ആര്‍ സെന്ററുകൾ, ഗ്രീന്‍ പ്രൊട്ടോക്കോള്‍ പാലിച്ചുള്ള പരിപാടികള്‍, ജല സ്രോതസ്സുകളുടെ പരിപാലനം എന്നീ പ്രവര്‍ത്തനങ്ങളും മട്ടന്നൂരിനെ മികവിന്റെ കേന്ദ്രമാക്കി. പിപിപി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 40 ടിപിഡി ചിക്കന്‍ റെന്‍ഡറിംഗ് പ്ലാന്റിന്റെ സംസ്കരണ രീതികളും മട്ടന്നുരിന്റെ ശ്രദ്ധേയമായ നേട്ടത്തിന് വഴിതെളിയിച്ചു.
- Log in to post comments