മരിയാപുരം വെള്ളക്കയം, കുതിരക്കല്ല് മഠംപടി ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്ന വെന്റഡ് ക്രോസ് ബാറുകളുടെ നിര്‍മ്മാണ ഉദ്ഘാടനം ശനിയാഴ്ച
വെള്ളക്കയം, കുതിരക്കല്ല് മഠംപടി ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്ന രണ്ട് വെന്റഡ് ക്രോസ് ബാറുകളുടെ (വി.സി.ബി) നിര്‍മ്മാണ ഉദ്ഘാടനം ശനിയാഴ്ച രണ്ടിന് മരിയാപുരം വെള്ളക്കയം അങ്കണവാടി ജംഗ്ഷനില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിക്കും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം.ഡി തിലകന്‍.എസ് പദ്ധതി അവതരണം നടത്തും.
ഇടുക്കി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ജി സത്യന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് ജോസ്, വാര്‍ഡ് മെമ്പര്‍ ഫെനില്‍ ജോസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ നിമ്മി ജയന്‍, സാമൂഹിക സംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
മരിയാപുരം - വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് മരിയാപുരം ഗ്രാമപഞ്ചായത്തിലെ കുതിരക്കല്ല് വാര്‍ഡില്‍ മഠംപടി ഭാഗത്ത് നിന്നും വാഴത്തോപ്പ് പള്ളിക്കവല ഭാഗത്തേക്കും, വെള്ളക്കയം ഭാഗത്തുമുണ്ടായിരുന്ന ഗതാഗത മാര്‍ഗം 2018 ലെ പ്രളയത്തില്‍ തകര്‍ന്നിരുന്നു. തുടര്‍ന്ന് ഇരുകരകളെയും തമ്മില്‍ ബന്ധിപ്പിച്ചുള്ള യാത്രാ സൗകര്യം ദുഷ്‌കരമായിരുന്നു. എം.എല്‍.എ യും മന്ത്രിയുമായ റോഷി അഗസ്റ്റിന്റെ പ്രത്യേക ഇടപെടലിലൂടെ ജലവിഭവ വകുപ്പ് മുഖേന കിഫ്ബി ഫണ്ട് വിനിയോഗിച്ച് വെള്ളക്കയത്തും, കുതിരക്കല്ല് മഠംപടി ഭാഗത്തും ഇരുകരകളെയും ബന്ധിപ്പിക്കുന്ന യാത്ര സൗകര്യം പൂര്‍ത്തിയാക്കുന്നതിനായി 5.37 കോടി രൂപ അനുവദിച്ച് പെരിയാറിന് കുറുകെ വെന്റഡ് ക്രോസ് ബാര്‍ (വി.സി.ബി) കം കോസ്വേ നിര്‍മ്മിക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കി. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് (KIIDC) നിര്‍മ്മാണ ചുമതല.
- Log in to post comments