വട്ടോളിപ്പാലവും നവീകരിച്ച റോഡും മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
സംസ്ഥാന സർക്കാരിന്റെ ഭരണ കാലയളവിനുള്ളിൽ 200 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വട്ടോളി പാലത്തിന്റെയും നവീകരിച്ച ചിറ്റാരിപ്പറമ്പ്-വട്ടോളി-കൊയ്യാറ്റിൽ റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നപ്പോൾ അഞ്ച് വർഷത്തിനുള്ളിൽ നൂറ് പാലങ്ങൾ എന്ന ലക്ഷ്യമാണുണ്ടായിരുന്നത്. എന്നാൽ വെറും മൂന്ന് വർഷം കൊണ്ട് ഈ ലക്ഷ്യത്തിലെത്താൻ സാധിച്ചു. നിലവിൽ 150 ലധികം പാലങ്ങൾ നിർമിച്ചുകഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കെ.കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയായി. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലുമുണ്ടായ ഫലപ്രദമായ ഇടപെടലുകൾ കൊണ്ടാണ് സമയബന്ധിതമായി പാലം നിർമാണം പൂർത്തിയാക്കാൻ സാധിച്ചതെന്ന് എം എൽ എ പറഞ്ഞു.
വട്ടോളി പുഴയ്ക്കു കുറുകേ നിലവിലുണ്ടായിരുന്ന വീതി കുറഞ്ഞ പാലത്തിനു പകരമായാണ് പുതിയ പാലം നിർമിച്ചത്. പാലത്തിന് 78.9 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. പാലം നിർമാണത്തോടനുബന്ധിച്ച് ബോക്സ് കൾവെർട്ടും മെക്കാഡം ടാറിങ്ങോടുകൂടിയ അപ്രോച്ച് റോഡുകളും നിർമിച്ചിട്ടുണ്ട്. കിഫ്ബി ധനസഹായത്തോടെ നിർമിച്ച പാലത്തിന്റെ ചെലവ് 8.6 കോടി രൂപയാണ്.
3.75 കോടി രൂപ ചെലവഴിച്ചാണ് ചിറ്റാരിപറമ്പ്-വട്ടോളി-കൊയ്യാറ്റിൽ റോഡ് നവീകരണം പൂർത്തിയാക്കിയത്. പാലവും റോഡ് നവീകരണവും പൂർത്തിയായതോടെ ചിറ്റാരിപ്പറമ്പ് ഭാഗത്ത് നിന്ന് കണ്ണൂർ വിമാനത്താവളം, മട്ടന്നൂർ, മാലൂർ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വി ബാലൻ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.പി ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി സുരേന്ദ്രൻ, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജ രാജീവൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി ചന്ദ്രൻ, വാർഡ് അംഗം ലീഷ്മ സന്തോഷ്, കെ ആർ എഫ് സി അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർ സി സുജിത് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments