Skip to main content

എം.സി.എഫ് കെട്ടിടത്തിന് തറക്കല്ലിട്ടു

എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന് വലിയ മുതല്‍ക്കൂട്ടായി മാറുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്) കെട്ടിടത്തിന് തറക്കല്ലിട്ടു. ഗ്രാമപഞ്ചായത്തിലെ മലയാണ്ടി കൗണ്ടന്നൂറിലാണ് എം.സി.എഫ് കെട്ടിടം ആരംഭിക്കാനിരിക്കുന്നത്.
2025-26 വാര്‍ഷിക പദ്ധതിയില്‍ 47 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 28 ഹരിതകര്‍മ്മ സേനാംഗങ്ങളുള്ള ഗ്രാമപഞ്ചായത്തില്‍ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കാനും ശാസ്ത്രീയമായി സംസ്‌കരിക്കാനും സൗകര്യമൊരുക്കുക എന്നതാണ് പുതിയ എം.സി.എഫ് കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഹാള്‍, ഓഫീസ് മുറി, ശുചിമുറി എന്നിങ്ങനെ 1723 സ്‌ക്വയര്‍ഫീറ്റിലാണ പുതിയ കെട്ടിടം നിര്‍മിക്കുന്നത്.  നിലവില്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കെട്ടിടത്തിലാണ് താല്‍കാലികമായി എം.സി.എഫ് പ്രവര്‍ത്തിക്കുന്നത്.

എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രിയദര്‍ശിനി കെട്ടിടത്തിന് തറക്കല്ലിട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.സി. സമ്പത്ത് കുമാര്‍, സെക്രട്ടറി ശിവനന്ദന്‍, വാര്‍ഡ് അംഗങ്ങള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

date