വാരപ്പെട്ടിയിലെ ഒരു കളിക്കളം കൂടി നവീകരിക്കുന്നു
വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ഒരു കളിക്കളം കൂടി നവീകരിക്കപ്പെടുകയാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും വിനിയോഗിച്ചാണ് വാരപ്പെട്ടി, മൈലൂരിലെ കളിക്കളം സ്റ്റേഡിയത്തിന്റെ നിലവാരത്തിൽ നവീകരിക്കുന്നത്.
കാലത്തിന്റെ ആവശ്യം എന്ന നിലയിൽ, കളിക്കളങ്ങൾ ഒരുക്കുന്നതിനും നവീകരിക്കുന്നതിനും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്.
യുവതലമുറ ഇന്ന് ലഹരിക്കും മറ്റും അടിമപ്പെട്ട് വഴിതെറ്റുന്ന സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന 10 ഗ്രാമപഞ്ചായത്തുകളിലും കളിക്കളങ്ങൾ ഒരുക്കുകയും നവീകരിക്കുകയും ചെയ്യുക എന്ന പൊതു തീരുമാനം ബ്ലോക്ക് പഞ്ചായത്ത് എടുക്കുകയായിരുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള കളിക്കളങ്ങളും പദ്ധതി ആവിഷ്കരിച്ച് നവീകരിക്കുന്നുണ്ട്.
മയിലൂരിലെ പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം ഏറെനാളത്തെ ആഗ്രഹമാണ് സഫലമാകുന്നതെന്നും പരമാവധി വേഗത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ പറഞ്ഞു. ചടങ്ങിൽ വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്, ജെയിംസ് കോറമ്പേൽ, എം.എസ് ബെന്നി, കെ.എം സെയ്‌ദ്, ദീപ ഷാജു, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments