ജില്ലാ കാർഷിക മേള 2025ന് തുടക്കം
എറണാകുളം ജില്ലാ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കാർഷിക മേള പൊലിക 2025 ന് തുടക്കം. കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനം ദേശീയ ചലചിത്ര അവാർഡ് ജേതാവ് സലീംകുമാർ ഉദ്ഘാടനം ചെയ്തു. ലാഭത്തിനപ്പുറം കൃഷി തരുന്ന ആത്മസംതൃപ്തിയായിരിക്കണം ഓരോ കർഷകൻ്റെയും ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. സബ്സിഡി മാത്രം ലക്ഷ്യമാക്കി കൃഷിയിലേക്ക് തിരിഞ്ഞവരാണ് കേരളത്തിലെ കാർഷിക മേഖലയുടെ ശാപം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ കാർഷികമേളയിൽ വിവിധ സെമിനാറുകൾ, 25 ൽ പരം പ്രദർശന വിപണമേളകൾ, കലാപരിപാടികൾ, ഫുഡ് കോർട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. വിപണന മേളയിൽ വിവിധ തരം പച്ചക്കറി തൈകൾ, ഫലവൃക്ഷ തൈകൾ, ജൈവവളങ്ങൾ, വിവിധ കാർഷികോല്പന്നങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജൂലൈ 30 മുതൽ ആഗസ്റ്റ് ഒന്ന് വരെ മൂന്നു ദിവസങ്ങളിലായാാണ് മേള നടക്കുന്നത്. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉമാ തോമസ് എംഎൽഎ ചടങ്ങിൽ അധ്യക്ഷയാവും. സമാപന സമ്മേളനത്തിൽ കർഷകർക്കുള്ള ജില്ലാ പഞ്ചായത്ത് അവാർഡ് വിതരണവും നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷനായി. സംസ്ഥാന കർഷക അവാർഡ് ജേതാവ് പി എസ് സുജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൽസി ജോർജ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി .പി സിന്ധു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം .ജെ സോമി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ. എസ് അനിൽകുമാർ, ശാരദാ മോഹൻ, ലിസി അലക്സ്, ഷാരോൺ പനക്കൽ, റഷീദ് സലീം, ഷൈമി വർഗീസ്,പി .എം നാസർ, എൽദോ ടോം പോൾ എന്നിവർ പങ്കെടുത്തു.
- Log in to post comments