Skip to main content

എറണാകുളത്തിന്റെ 'അൻപുള്ള നൻപൻ' പടിയിറങ്ങുമ്പോൾ....

 

 

രണ്ടു വർഷം മുമ്പുള്ളൊരു മാർച്ചിലെ വേനൽചൂടിൽ കത്തിയെരിഞ്ഞ കൊച്ചിയുടെ മനസ്സിലെ തീ അണയ്ക്കുക എന്ന ഉദ്യമത്തോടെ വരവ്. പ്രിയ എഴുത്തുക്കാരൻ ജയകാന്തൻ്റെ 'ഒരു മനിതൻ ഒരു വീട് ഒരു ഉലകം' എന്ന നോവലിലെ ഹെൻറി എന്ന കഥാപാത്രത്തെപ്പോലെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്ന് വന്ന് എറണാകുളത്തിന്റെ ഹൃദയം കവർന്നുള്ള പടിയിറക്കം. 

 

താരതമ്യങ്ങളില്ലാത്ത ഒരു പിടി നേട്ടങ്ങളും, വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ ഇടപെടലുകളും, സൗമ്യവും സൗഹാർദപരവുമായ പ്രവർത്തന രീതിയുമാണ് സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷിനെ കൊച്ചിക്കാരുടെ പ്രിയപ്പെട്ടവനാക്കിയത്.

 

'ബെസ്റ്റ് കളക്ടർ' എറണാകുളത്തിൻ്റെ മാത്രമല്ല കേരളത്തിൻ്റേയും*

 

2025 ലെ സംസ്ഥാന റവന്യൂ അവാർഡിൽ സംസ്ഥാനത്തെ മികച്ച കളക്ടറായി തിരഞ്ഞെടുപ്പെട്ടത് എൻ. എസ്. കെ. ഉമേഷായിരുന്നു.  

 

കേരളം അതുവരെ കാണാത്ത ഒരു ദുരന്തം കൈകാര്യം ചെയ്യുക എന്ന ദൗത്യവുമായാണ് അദ്ദേഹം ജില്ലാ കളക്ടറുടെ ചുമതലയേറ്റെടുക്കുന്നത്. കൊച്ചിയെ ശ്വാസംമുട്ടിച്ച ബ്രഹ്മപുരം തീപിടിത്തം നേരിട്ടതിൽ അദ്ദേഹത്തിന്റെ നേതൃപാടവവും ഏകോപനശേഷിയും നിർണായകമായിരുന്നു. 

 

ഇതു കൂടാതെ കളമശ്ശേരി ബോംബ് സ്ഫോടന വിഷയവും കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകളും പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതും റീ സർവെയും ലോക്സഭ തെരഞ്ഞെടുപ്പും കൊച്ചിയിലെ കനാൽ നവീകരണവുമെല്ലാം അദ്ദേഹത്തിന്റെ കർമശേഷിയെ ഊട്ടിയുറപ്പിച്ചു.

 

 

തിരഞ്ഞെടുപ്പിലും തിളങ്ങി*

 

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം നടത്തിയ ജില്ലാ വരണാധികാരിക്ക് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഏർപ്പെടുത്തിയ പുരസ്കാരവും എൻ.എസ്.കെ ഉമേഷിനെ തേടിയെത്തി. എന്നാൽ ആ നേട്ടത്തെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പരാതിരഹിതമായി തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ തന്റെ ഒപ്പം നിന്ന എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി ആ നേട്ടം സമർപ്പിക്കുകയും ചെയ്തു.

 

സോഷ്യൽ മീഡിയയിലും താരം*

 

ജൂൺ തുടങ്ങിയാൽ 'മഴയല്ലെ അവധി തരുമോ അങ്കിൾ ' എന്ന ചോദ്യവുമായി അനവധി കുട്ടികളാണ് ആറര ലക്ഷന്നിലധികം ഫോളോവേഴ്സുള്ള ജില്ലാ കളക്ടറുടെ ഫേസ്ബുക്കിൽ വരുക. അവരോട് പഠനകാലം ആസ്വദിക്കാനും അത് പിന്നീട് തിരിച്ചു വരാത്ത സുവർണകാലമാണെന്നും, സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾക്കടിസ്ഥാനമാക്കി താൻ കൃത്യമായി അവധി പ്രഖ്യാപിച്ചുകൊള്ളാമെന്നും പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

 

*കുട്ടികളുടെ കൂട്ടുകാരന്‍*

 

കുട്ടികളോടും വിദ്യാര്‍ത്ഥികളോടും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഭരാണാധികാരിയാണ് അദ്ദഹം. രണ്ട് വര്‍ഷം മുമ്പ് ഒരു ദിവസം കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെത്തിയ ജില്ലാ കളക്ടര്‍ കുട്ടികളോട് അവര്‍ ആഗ്രഹിക്കുന്ന സമ്മാനം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. അവരുടെ പട്ടികയില്‍ കാഡ്ബറീസ് മുതല്‍ ഗിറ്റാര്‍ വരെയുണ്ടായിരുന്നു. ആ ആഗ്രഹങ്ങളെല്ലാം സാധ്യമാക്കി. സഹായം ആവശ്യമുള്ളവരെയും സഹായിക്കാന്‍ തയാറുള്ളവരെയും കൂട്ടിയിണക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന എവരി വണ്‍ ഫോര്‍ എറണാകുളം ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

 

*സഹാനുഭൂതിയുടെ മുഖമുദ്ര*

 

 പരാതികളായി വരുന്ന ആരെയും കേൾക്കാൻ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ജനുവരിയിൽ എറണാകുളത്ത് രണ്ടാഴ്ചയിലേറെയായി തകർന്ന ലോറിയിൽ ദുരിതമനുഭവിച്ച് കഴിഞ്ഞ സേലം സ്വദേശി മൂർത്തിക്ക് സഹായഹസ്തവുമായി അദ്ദേഹം നേരിട്ടെത്തിയതും വാർത്തയായിരുന്നു. ലോറിയിടിച്ച് തകർന്ന പോസ്റ്റിന്റെ പിഴത്തുക ജില്ലാ കളക്ടർ സ്വന്തം കൈയ്യിൽ നിന്ന് അടയ്ക്കാൻ തയാറായതോടെയാണ് മൂർത്തിയുടെ ദുരിതമവസാനിച്ചത്.

 

 

സേലം സ്വദേശിയായ ഉമേഷ് 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് . നേരത്തെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ ആയും, വയനാട് സബ് കളക്ടർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018-ൽ കേരളം വിറങ്ങലിച്ചുനിന്ന ആദ്യ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വയനാട് സബ് കളക്ടറായിരുന്ന ഉമേഷ് നേരിട്ടിറങ്ങിയത് വലിയ ജനശ്രദ്ധ നേടിയിരുന്നു. 2023 മാർച്ചിലാണ് എറണാകുളം ജില്ലാ കളക്ടറായി സ്ഥാനമേറ്റത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ സ്ഥാനത്തേക്കാണ് പുതിയ മാറ്റം.

 

നിലവിലെ ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരിയാണ് ഭാര്യ. കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയായി വിഘ്നേശ്വരിക്കും സ്ഥാനമാറ്റമുണ്ട് .

 പാലക്കാട് നിന്ന് സ്ഥലം മാറുന്ന ജി പ്രിയങ്കയാണ് എറണാകുളത്ത് പുതിയ ജില്ലാ കളക്ടർ. പുതിയ ജില്ലാ ഭരണാധികാരി എത്തുന്ന മുറയ്ക്ക് എൻ എസ് കെ ഉമേഷ്‌ സ്ഥാനമൊഴിയും.

date