Skip to main content

ജില്ലയില്‍ 'സ്റ്റോപ്പ് ഡയറിയ' ക്യാമ്പയ്ന്‍ ആരംഭിച്ചു

ജില്ലയില്‍ വയറിളക്ക രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റോപ്പ് ഡയറിയ ക്യാമ്പയ്ന്‍ ആരംഭിച്ചു. ജില്ലാതലത്തിലും ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് തലത്തിലും വയറിളക്ക രോഗങ്ങള്‍ സംബന്ധിച്ച് അവബോധം നല്‍കുന്നതിന് വിപുലമായ ബോധവത്ക്കരണ പരിപാടികളാണ് നടക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കൃത്യമായ ഇടപെടലില്ലെങ്കില്‍ വയറിളക്കം നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഈ സാഹചര്യത്തില്‍ പാനീയ ചികിത്സ അഥവാ ഒ.ആര്‍.എസ് നല്‍കിത്തുടങ്ങണം. കരിക്ക് വെള്ളം, മോര് വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം എന്നിവ കുടിക്കാന്‍ നല്‍കുന്നത് ശരീരത്തിലെ ലവണ നഷ്ടം കുറയ്ക്കാനും നിര്‍ജലീകരണം ഒഴിവാക്കാനും കഴിയും.

ഒ.ആര്‍.എസ് അഥവാ ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ടില്‍ പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, ഗ്ലൂക്കോസ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ വയറിളക്ക രോഗങ്ങള്‍ക്കെതിരേ ശക്തമായ പ്രതിവിധിയാണിത്. ഒ.ആര്‍.എസ്. തയ്യാറാക്കേണ്ട വിധം:
• കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക
• വൃത്തിയുള്ള പാത്രത്തില്‍ ഒരു ലിറ്റര്‍ (അഞ്ച് ഗ്ലാസ്) തിളപ്പിച്ചാറിയ വെള്ളം എടുക്കുക.
• ഒരു വലിയ പാക്കറ്റ് ഒ.ആര്‍.എസ് വെള്ളത്തിലിട്ട് സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക. (ചെറിയ പാക്കറ്റ് ആണെങ്കില്‍ ഒരു ഗ്ലാസ് (200 മി.ലി) വെള്ളത്തിലാണ് കലക്കേണ്ടത്)
• വയറിളക്ക രോഗമുള്ള രോഗികള്‍ക്ക് ഈ ലായനി നല്‍കേണ്ടതാണ്.
• കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദ്ദിയുണ്ടെങ്കില്‍ അഞ്ച് മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക.
• ഒരിക്കല്‍ തയ്യാറാക്കിയ ലായനി 24 മണിക്കൂറിന് ശേഷം വീണ്ടും ഉപയോഗിക്കരുത്.

വയറിളക്കമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്. സിങ്ക്, വയറിളക്കത്തിന്റെ തീഷ്ണത കുറയ്ക്കുന്നതോടൊപ്പം അസുഖം വേഗത്തില്‍ മാറുന്നതിനും സഹായിക്കുന്നു. ഇതിലൂടെ രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാനാകും. രണ്ട് മുതല്‍ ആറ് മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ദിവസം 10 മില്ലി ഗ്രാം സിങ്ക് ഗുളികയും ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 20 മില്ലി ഗ്രാം സിങ്ക് ഗുളികയും 14 ദിവസം വരെ നല്‍കേണ്ടതാണ്. രോഗം ഭേദമായാലും 14 ദിവസം വരെ ഗുളിക നല്‍കണം.

വയറിളക്ക രോഗങ്ങള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍
1. കുഞ്ഞുങ്ങള്‍ക്ക് ആറ് മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുക.
2. ഡയപ്പര്‍, വിസര്‍ജ്യ വസ്തുക്കള്‍ എന്നിവ കൃത്യമായ രീതിയില്‍ സംസ്‌കരിക്കുക.
3. കുഞ്ഞുങ്ങളുടെ കൈനഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക.
4. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യരുത്.
5. സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ കൃത്യമായ അകലം പാലിച്ചിരിക്കണം.
6. ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിനു ശേഷവും കൈകള്‍ സോപ് ഉപയോഗിച്ച് കഴുകുക.
7. മലവിസര്‍ജനത്തിന് ശേഷം സോപ് ഉപയോഗിച്ച് കഴുകുക.
8. തിളപ്പിചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക.
9. വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക.
10. കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക.
11. കിണറിനു ചുറ്റും മതില്‍ കെട്ടുക.
12. കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
13. പൊതു കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും മലവും മാലിന്യങ്ങളും കലരാനുള്ള സാഹചര്യം ഒഴിവാക്കുക.
14. ഹോട്ടലുകളിലെയും കാറ്ററിംഗ് യൂണിറ്റുകളിലെയും പാചകക്കാരുടെയും മറ്റും ശുചിത്വം നടത്തിപ്പുകാര്‍ ഉറപ്പാക്കുക.
15. പഴകിയ ആഹാരം വിളമ്പാതിരിക്കുക.
 

date