മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ; ഡോക്യുമെന്ററി ചിത്രത്തിന് നിറഞ്ഞ സദസ്സിന്റെ കയ്യടി
കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ ജോഗപ്പ ആയി മാറിയ മഞ്ചമ്മയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി ചിത്രം കൈരളി തിയേറ്ററിൽ നിറഞ്ഞ സദസിന്റെ കയ്യടി നേടി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ രണ്ടാം ദിനം ഷോർട് ഡോക്യുമെന്ററി മത്സര വിഭാഗത്തിലാണ് ചിത്രം മത്സരിച്ചത്.
ആത്മഹത്യയിൽ നിന്ന് രക്ഷപ്പെട്ട മഞ്ചമ്മ, പിന്നീട് പ്രശസ്തയായ ഒരു ഫോക്ക് കലാകാരിയും കർണാടക ഫോക്ക്‌ലോർ അക്കാദമിയുടെ പ്രസിഡന്റുമായി മാറിയ കഥയാണ് ഹൈദർ ഖാൻ സംവിധാനം ചെയ്ത 'മഞ്ജുനാഥ് ടു മഞ്ചമ്മ: ക്രോണിക്കിൾസ് ഓഫ് എ ട്രാൻസ്‌ജെൻഡർ'. സ്ത്രീയായി ജീവിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും പിന്നീട്ട് മഞ്ജുനാഥിൽ നിന്ന് ജോഗതി നൃത്തത്തിലെ പ്രശസ്തയായ കലാകാരി മഞ്ചമ്മയായി മാറിയ ജീവിതവുമാണ് ചിത്രം പറയുന്നത്. അതിജീവനത്തിന്റെയും വിജയത്തിന്റെയും സാക്ഷ്യപത്രമാണ് അവരുടെ ജീവിതം.
ജോഗപ്പയെന്നത് രേണുക യെല്ലമ്മ എന്ന ദേവിക്ക് വേണ്ടി ജീവിതം സമർപ്പിച്ച പുരാതനമായ ഒരു ട്രാൻസ്‌ജെൻഡർ സമൂഹമാണ്. ഒരു വ്യക്തി അതിന്റെ ഭാഗമാകുന്നതോടെ പിന്നീട് തിരിച്ച് തങ്ങളുടെ വീടുകളിലേക്ക് പോകാൻ സാധിക്കാതെ ശിഷ്ടകാലം ആ സമൂഹത്തെ സേവിച്ച് ജീവിക്കണം.
2010-ൽ കർണാടക സർക്കാരിന്റെ രാജ്യോത്സവ പുരസ്‌കാരം മഞ്ചമ്മയെ തേടിയെത്തി. തുടർന്ന് 2019-ൽ കർണാടക ജനപദ അക്കാദമിയുടെ പ്രസിഡന്റായി നിയമിക്കപ്പെട്ടു. അതോടെ ആ സ്ഥാനത്തേക്ക് എത്തുന്ന ചരിത്രത്തിലെ ആദ്യ ട്രാൻസ്‌ജെൻഡറായി അവർ മാറി. 2021-ൽ അവർ പദ്മ പുരസ്‌കാരത്തിന് അർഹയായി. ട്രാൻസ്ജിൻഡർ സമൂഹത്തിൽ നിന്ന് പദ്മ പുരസ്‌കാരം ലഭിച്ച രണ്ടാമത്തെ വ്യക്തി കൂടിയാണ് മഞ്ചമ്മ. 2019-ൽ തമിഴ് നാട്ടിൽ നിന്നുള്ള നർത്തകി നടരാജ് ആണ് പുരസ്‌കാരം ലഭിക്കുന്ന ആദ്യ ട്രാൻസ്ജിൻഡർ.
പി.എൻ.എക്സ് 4150/2025
- Log in to post comments