സമുദ്ര മേഖലയുമായി ബന്ധപ്പെട്ട സമഗ്ര വിവരശേഖരണത്തിന് സംസ്ഥാനതല നയരൂപീകരണം
സമുദ്ര മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക പാരിസ്ഥിതിക വിഷയങ്ങളിൽ സമഗ്ര വിവരശേഖരണത്തിന് കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവ്വഹണ മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി ദേശീയതല ശില്പശാല സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 29 ന് നെടുമ്പാശ്ശേരി ഫ്‌ലോറ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സെമിനാറിൽ ബഹു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവ്വഹണ മന്ത്രാലയം സെക്രട്ടറി ശ്രീ.ഡോ.സൗരഭ് ഗാർഗ് ഐഎഎസ്, ബഹു. സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ.ജയതിലക് ഐഎഎസ് എന്നിവർ പങ്കെടുക്കും. രാജ്യത്താകെയുള്ള 9 തീരദേശ സംസ്ഥാനങ്ങൾ, 4 കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള 70 പ്രതിനിധികളും ഈ മേഖലയിലെ വിദഗ്ദരുമുൾപ്പെടെ 100 ഓളം പേരാണ് ഈ ശില്പശാലയിൽ പങ്കെടുക്കുന്നത്.
സമുദ്ര മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ സമുദ്ര ആവാസ വ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങൾ പഠന വിധേയമാക്കുകയാണ് സമുദ്ര പാരിസ്ഥിതിക വിവരശേഖരണത്തിന്റെ (Ocean Ecosystem Account) ലക്ഷ്യം. ഐക്യരാഷ്ട്ര സഭയുടെ പാരിസ്ഥിതിക സാമ്പത്തിക വിവരശേഖരണത്തിന്റെ (United Nations System of Environmental Economic Accounting [SEEA] ഭാഗമായാണ് രാജ്യത്ത് ഈ വിവരശേഖരണ സംവിധാനം നടപ്പിലാക്കുന്നത്. 2023 ൽ ദേശീയ തലത്തിൽ ഇതിനായി വിദഗ്ദ സമിതി (Expert Group on Ocean Ecosystem Accounts) രൂപീകരിച്ചിരുന്നു. 2025 ൽ ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് തീരദേശ സംസ്ഥാനങ്ങളെ, സംസ്ഥാനതല റിപ്പോർട്ട് തയ്യാറാക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ശില്പശാല സംഘടിപ്പിക്കുന്നത്.
സമുദ്ര ആവാസവ്യവസ്ഥയുടെ വ്യാപനം, സ്ഥിതി, ആസ്തി, സേവനങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് ഈ റിപ്പോർട്ട് വിശകലനം ചെയ്യുന്നത്. ഈ മേഖലകളിൽ കാലാനുസൃതമായി സംഭവിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായി ശേഖരിക്കുന്നതിനുള്ള ഒരുസംവിധാനമാണ് സമുദ്ര പാരിസ്ഥിതിക വിവരശേഖരണം (Ocean Ecosystem Account). വിവരശേഖരണത്തിലൂടെ ലഭ്യമാകുന്ന ഡാറ്റയും പാരിസ്ഥിതിക ആഘാതങ്ങളും തുലനം ചെയ്യുകയാണ് സമുദ്ര പാരിസ്ഥിതിക വിവരശേഖരണം എന്നതിലൂടെ ലക്ഷ്യമിടുന്നത്. പാരിസ്ഥിതിക ആഘാതങ്ങൾ പരമാവധി കുറയ്ക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ നയരൂപീകരണമാണ് ഈ റിപ്പോർട്ടിന്റെ പ്രധാന ലക്ഷ്യങ്ങളിൽ മറ്റൊന്ന്.
സംസ്ഥാനതലത്തിൽ തമിഴ്‌നാട് തയ്യാറാക്കിയ Tamilnadu Ocean Accounting Pilot റിപ്പോർട്ട് ഈ ശില്പശാലയിൽ അവതരിപ്പിക്കും. ഈ റിപ്പോർട്ട് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട തമിഴ്‌നാട് സംസ്ഥാനത്തിന്റെ അനുഭവ സമ്പത്ത് ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാകുമെന്ന് കരുതപ്പെടുന്നു.
ആഗോള രീതിശാസ്ത്രങ്ങൾ അവലോകനം ചെയ്ത് ദേശീയ ചട്ടക്കൂട് തയ്യാറാക്കുക, സൂചകങ്ങളും ഡാറ്റ സ്രോതസ്സുകളും ശുപാർശ ചെയ്യുക, സമുദ്ര ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട സേവനങ്ങളും മൂല്യനിർണ്ണയ സാങ്കേതിക വിദ്യകളും തിരിച്ചറിയുക എന്നിവയാണ് ദേശീയതല റിപ്പോർട്ട് ഉൾക്കൊള്ളുന്നത്. വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന വിവരങ്ങളെ നയരൂപീകരണത്തിനും, സുസ്ഥിര സമുദ്ര മാനേജ്മെന്റിനും, ഉചിത തീരുമാനങ്ങൾ കൈകൊള്ളുന്നതിനും പ്രയോജനപ്പെടുത്തുകയാണ് ശിൽപ്പശാല ലക്ഷ്യമിടുന്നത്.
പി.എൻ.എക്സ് 4152/2025
- Log in to post comments