Skip to main content

പ്രകൃതിയുടെ പാട്ടുകളും, കൃഷിയുടെ താളവുമായി പാടവരമ്പുകളിൽ തുള്ളി കടമ്പൻ മൂത്താൻ

നേച്ചർ ഉണ്ടെങ്കിലേ നമ്മൾക്ക് ഫ്യൂച്ചർ ഉള്ളൂ' എന്ന സന്ദേശം നെഞ്ചിലേറ്റി, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വിളിച്ചുപറഞ്ഞുകൊണ്ട് കടമ്പൻ മൂത്താൻ ആലങ്ങാടിന്റെ പാടങ്ങളിലും പൊതുവഴികളിലും ഉറഞ്ഞുതുള്ളി. കൃഷിയെ കേവലം ഒരു തൊഴിലായി കാണാതെ, പ്രകൃതിയുമായുള്ള കൊടുക്കൽ വാങ്ങലായി ആഘോഷിക്കുന്ന ഒരു കലാപ്രവർത്തനമായിരുന്നു ഇത്. കുട്ടികളും പ്രദേശവാസികളും ഒരേപോലെ ആവേശത്തോടെയാണ് ഈ കാർഷിക കലാപരിപാടികളെ വരവേറ്റത്.

 

 രാവിലെ ഏഴിന് ആലങ്ങാട് കരിമ്പിൻ തോട്ടത്തിലും കരിമ്പ് ഫാക്ടറിയിലുമായിരുന്നു പരിപാടിയുടെ തുടക്കം. 

 

ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, വൈസ് പ്രസിഡന്റ് ലതാ പുരുഷൻ, വിവിധ ജനപ്രതിനിധികൾ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എം.കെ. ബാബു, സി.എ. ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു. 

 

കൃഷിയുടെ മഹത്വം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് കടമ്പൻ മൂത്താൻ തന്റെ കലാപ്രവർത്തനത്തിന്റെ ലക്ഷ്യം വ്യക്തമാക്കി. 

 

 ഡോ. സുധീർ കടമ്പൻ മൂത്താന്റെ വേഷമിട്ടപ്പോൾ, ഷെരീഫ് പാങ്ങോട് കർഷകന്റെ വേഷത്തിൽ എത്തി. അഗസ്ത്യാർകൂടത്തിന്റെ താഴ് വരയിൽനിന്നുള്ള മണിയമ്മക്കാണി കാക്കാത്തിയായി നിറഞ്ഞാടി. കവി കൂടിയായ സനൽ ദാനമുഖം ഗാനങ്ങളിലൂടെ പരിപാടിക്ക് മാധുര്യം പകർന്നു. എസ്.എൻ. സനത കർഷകന്റെ മകളായി വേഷമിട്ടപ്പോൾ, സിബിൻ തുളസി കോർപ്പറേറ്റിന്റെ വേഷമിട്ട് ഈ പ്രമേയത്തിന് പുതിയൊരു മാനം നൽകി. കലാകാരനായ സുഗുണൻ ഈ കൂട്ടായ്മയ്ക്ക് താങ്ങും തണലുമായി കൂടെ നിന്നു.

 

ആലങ്ങാടിന് ശേഷം പരിപാടി കടുങ്ങല്ലൂരിലെത്തി. കരീമിന്റെ ചീരത്തോട്ടത്തിൽ നടന്ന പരിപാടികൾ കടുങ്ങല്ലൂരിലെ ജനങ്ങൾ ഏറ്റെടുത്തു. കടുങ്ങല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. ഷാജഹാൻ, സി.എ. ബാബു, സംഘാടകസമിതി ചെയർമാൻ വി.എം. ശശി, പഞ്ചായത്ത് അംഗം സിയാദ് പറമ്പത്തോട് തുടങ്ങിയവർ പരിപാടിക്ക് പിന്തുണ നൽകി.

 

പ്രകൃതിയെ സംരക്ഷിക്കാതെ മനുഷ്യന് നിലനിൽപ്പില്ലെന്ന ശക്തമായ സന്ദേശം, പാട്ടിലൂടെയും തുള്ളലിലൂടെയും ലളിതമായി അവതരിപ്പിച്ച് കടമ്പൻ മൂത്താൻ ഒരു പുതിയ കാർഷികബോധം ജനങ്ങളിൽ സൃഷ്ടിച്ചു. പാടവരമ്പത്തുള്ള ഈ തുള്ളൽ, കൃഷി വെറും അന്നം മാത്രമല്ല, അത് ജീവിതം തന്നെയാണെന്ന് ഓർമ്മിപ്പിക്കുന്നു

date