കാർബൺ ന്യൂട്രൽ ഗോശ്രീ*" *കാർഷിക പദ്ധതിക്ക് 26-ന് തുടക്കമാകും
വൈപ്പിൻ മണ്ഡലത്തിൽ ജിഡയുടെയും കൃഷി വകുപ്പിൻ്റെയും സഹകരണത്തോടെ "കാർബൺ ന്യൂട്രൽ ഗോശ്രീ കാർഷിക പദ്ധതി നടപ്പാക്കാനൊരുങ്ങി കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ.
എട്ടു ലക്ഷം രൂപ ചെലവിൽ വീട്ടുവളപ്പിൽ ഫലവൃക്ഷ - പച്ചക്കറി തോട്ടം ഒരുക്കാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിക്ക് ചൊവ്വാഴ്ച്ച (സെപ്തംബർ 26) തുടക്കമാകും.
ജിഡ ഉൾപെടുന്ന കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിൽ കാർബൺ ന്യൂട്രൽ കൃഷി രീതി പ്രോത്സാഹിപ്പിക്കും.
സൗജന്യമായി പച്ചക്കറി തൈകൾ, വിത്തുകൾ, ടിഷ്യൂ കൾച്ചർ വാഴ തൈകൾ എന്നിവ ഇതിൻ്റെ ഭാഗമായി വിതരണം ചെയ്യും.
ഓരോ പഞ്ചായത്തിലും അഞ്ഞൂറ് രൂപ വിലമതിക്കുന്ന 200 യൂണിറ്റുകൾ വിതരണം ചെയ്യും. സുസ്ഥിര കാർഷിക രീതി പ്രോത്സാഹിപ്പിക്കുന്ന കാർബൺ ന്യൂട്രൽ കൃഷിരീതി ഹരിതഗേഹ വാതക ബഹിർഗമനം കുറയ്ക്കുകയും ചെയ്യും.
ചൊവ്വാഴ്ച്ച രാവിലെ ഒൻപതിന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഞാറക്കൽ ഗ്രാമ പഞ്ചായത്തിലും ജിഡ സെക്രട്ടറി രഘുരാമൻ എളങ്കുന്നപ്പുഴ പഞ്ചായത്തിലും പദ്ധതിക്ക് തുടക്കം കുറിക്കും. പത്തിന് മുളവുകാട് ഗ്രാമ പഞ്ചായത്തിലും, വൈകിട്ട് മൂന്നിന് പള്ളിപ്പുറം, 3.30-നു കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലും ബുധനാഴ്ച്ച എടവനക്കാട്, നായരമ്പലം, കടമക്കുടി പഞ്ചായത്തിലും പദ്ധതി ആരംഭിക്കും.
- Log in to post comments