തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ അവിഭാജ്യ ഘടകം - മന്ത്രി പി രാജീവ്*
തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം നടന്നു
കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ എല്ലാ പ്രവർത്തനങ്ങളിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നിർലോഭമായ സഹകരണം ലഭിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
കളമശ്ശേരി മണ്ഡലത്തിൻ്റെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് വ്യവസായ മന്ത്രി പി രാജീവ് നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി നടന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് മണ്ഡലത്തിൽ കൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ ആവിഷ്കരിച്ച വാട്ടർ മാപ്പിംഗ് പദ്ധതിനടപ്പിലാക്കിയത് . 1000 ഏക്കറിൽ നെൽ കൃഷിയും 1200 ഏക്കറിൽ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കാനായി .കുളം വൃത്തിയാക്കൽ ,തടയണ കെട്ടൽ തുടങ്ങി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു .
സ്ത്രീ സംരംഭകർക്ക് വരുമാനം ലഭിക്കുന്ന കൂൺ കൃഷി, ബന്ധി കൃഷി, തുടങ്ങിയവയ്ക്ക് മണ്ഡലത്തിൽ സാധ്യതകൾ ഏറി വന്നിട്ടുണ്ട്. കാർഷിക ഭൂപടത്തിൽ തന്നെ അംഗീകാരം ലഭിച്ച കരിമ്പ് കൃഷി പിന്നീട് ഉത്സവപ്പറമ്പുകളിൽ മാത്രമായി കാണുന്ന ഒന്നായി മാറി. അത് നമ്മൾ തിരിച്ചു കൊണ്ടുവന്നതിൽ കൃഷിക്കൊപ്പം കളമശ്ശേരിയുടെ പങ്ക് വലുതാണ് . കൂടാതെ കൂവ,ചക്ക ചക്കപ്പൊടി,കപ്പ,കപ്പവറുത്തത്,കപ്പപ്പൊടി ഇതെല്ലാം നമ്മുടെ മണ്ഡലത്തിലെ തോട്ടങ്ങളിൽ തന്നെ ഉൽപ്പാദിപ്പിക്കാനായി.
ഇനി അവ തോട്ടത്തിൽ നിന്നും പാത്രത്തിലേക്ക് നേരിട്ട് ലഭ്യമാകുന്ന "ഫാം ടു കിച്ചൻ" ഈ മാസം പ്രവർത്തനക്ഷമാവും.
വകുപ്പുകളുടെ ഏകോപനവും സഹകരണവുമാണ് കൃഷിക്ക് ഒപ്പം കളമശ്ശേരിയെ മറ്റ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അതിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു .
സോഷ്യൽ ഓഡിറ്റ് ഡയറക്ടർ രമാകാന്തൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം കോ ഓഡിനേറ്റർ പി എച്ച് ഷൈൻ അവബോധ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം മണ്ഡലതല സബ് കമ്മിറ്റി രൂപീകരിച്ചു. ഡോ ജോഷി ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷത വഹിച്ചു .
വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ആലങ്ങാട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളായ ജയശ്രീ ഗോപി കൃഷ്ണൻ, കെ എസ് ഷഹന, വി പി അനിൽകുമാർ, ജയകൃഷ്ണൻ, പ്രിയ ഭരതൻ,
സംഘാടകസമിതി ചെയർമാൻ വി എം ശശി, ജനറൽ കൺവീനർ എം പി വിജയൻ, എം കെ ബാബു, സബ് കമ്മിറ്റി ചെയർമാൻ എ വി ശ്രീകുമാർ, കൺവീനർ എം എസ് നാസർ,ആത്മാ ബ്ലോക്ക് ടെക്നോളജി മാനേജർ ടി എൻ നിഷിൽ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments