Skip to main content

ദേശീയ സരസ്സ് മേള തൃത്താലയില്‍:മന്ത്രി എം ബി രാജേഷ്

തൃത്താല മണ്ഡലത്തില്‍ സമുന്നതി ജീവനോപാധി പദ്ധതിയ്ക്ക് തുടക്കമായി

കുടുംബശ്രീയുടെ ഏറ്റവും വലിയ ആഘോഷമായ ദേശീയ സരസ്സ് മേള ഇത്തവണ തൃത്താലയില്‍ വിപുലമായി നടത്തുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഡിസംബര്‍ അവസാന വാരം നടക്കുന്ന ദേശീയ സരസ്സ് മേളയുടെ സ്വാഗത സംഘം സെപ്റ്റംബര്‍ 20 ന് ചേരുമെന്നും മന്ത്രി അറിയിച്ചു.തൃത്താല മണ്ഡലത്തില്‍ സമുന്നതി ജീവനോപാധി പദ്ധതി ആനക്കര ഗ്രാമപഞ്ചായത്തിലെ ചോലക്കുളമ്പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വിധി വാക്യങ്ങളെ തിരുത്തി സ്ത്രീകളുടെ ജീവിതത്തെ വിജയമാക്കി മാറ്റുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്നും  കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ പട്ടികജാതി മേഖലയിലെ ഉന്നമനം ലക്ഷ്യമാക്കി നടപ്പാക്കുന്ന സമുന്നതി പദ്ധതി കേരളത്തിന് മാതൃകയാകുന്ന രീതിയില്‍ നടപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃത്താല മണ്ഡലത്തില്‍ ഓരോ മേഖലകള്‍ കേന്ദ്രീകരിച്ച്  സവിശേഷമായ പദ്ധതികളാണ് നടപ്പാക്കുന്നത്. കുടുംബശ്രീയുടെ എസ് വി ഇ പി (സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം) മുഖേന ആയിരത്തിലധികം സംരംഭങ്ങള്‍ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ ദേശീയ ഗ്രാമീണ മിഷന്റെ വാര്‍ഷിക കര്‍മപദ്ധതി നിര്‍ദ്ദേശമനുസരിച്ച്
പട്ടികജാതി മേഖലയില്‍ പ്രത്യേക ഇടപെടല്‍ നടത്തുന്നതിന്റെ ഭാഗമായാണ് തൃത്താലയില്‍ സമുന്നതി പദ്ധതി നടപ്പാക്കുന്നത്.പട്ടികജാതി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കും.
പട്ടികജാതി വിഭാഗത്തിലെ എല്ലാ കുടുംബങ്ങളെയും കുടുംബ്രശീ സംവിധാനത്തില്‍ കൊണ്ടുവന്ന് പ്രാദേശികമായി സാധ്യമാകുന്ന വിവിധ ഉപജീവന തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും വിവിധ സാമൂഹിക സ്ത്രീ ശാക്തീകരണ ഇടപെടലുകള്‍ നടത്തുകയും ചെയ്യുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പദ്ധതിയുമായി ബന്ധപ്പെട്ട ഉപജീവന പ്രവര്‍ത്തനം കുടുംബശ്രീ സംഘടനാ ശാക്തീകരണം, സാമ്പത്തിക ശക്തികരണം, സാമൂഹ്യവികസന പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍, യുവജനങ്ങള്‍ എന്നിവരെ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കും.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി പി റജീന അധ്യക്ഷനായി. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ വി വി ബാലചന്ദ്രന്‍, ഷറഫുദ്ദീന്‍ കളത്തില്‍, ജില്ലാ പട്ടികജാതി വികസന വകുപ്പ് ജില്ലാ ഉപദേശക സമിതി വിജിലന്‍സ് ആന്റ് മോണിറ്ററിങ് സമിതി അംഗം കെ പി ശ്രീനിവാസന്‍, ജില്ലാ പഞ്ചായത്ത് അംഗം  ഷാനിബ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ ജ്യോതി ലക്ഷ്മി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് അനുരാധ , ആനക്കര ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ കുടുംബശ്രീ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള വിവിധ ഫണ്ടുകള്‍ എട്ട് സി.ഡി.എസുകള്‍ക്കായി മന്ത്രി വിതരണം ചെയ്തു. വിവിധ മേഖലയില്‍ മികവ് പുലര്‍ത്തിയവരെയും ആദരിച്ചു.

ഫോട്ടോ: സമുന്നതി ജീവനോപാധി പദ്ധതി ആനക്കര ഗ്രാമപഞ്ചായത്തിലെ ചോലക്കുളമ്പില്‍ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

date