Skip to main content

ജില്ലാതല അറിയിപ്പുകൾ

ജില്ലാതല അറിയിപ്പുകൾ

ഇലക്ട്രോണിക്ക് വീൽചെയർ വിതരണം

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക്ക് വീൽചെയർ, ആർട്ടിഫിഷ്യൽ കൃത്രിമക്കാൽ എന്നിവ വിതരണം ചെയ്യുന്നു. കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡ്, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാർഡുകൾ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡ്, മാടായി ഗ്രാമപഞ്ചായത്തിലെ 13, 15, 20 വാർഡുകൾ, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ ആറാംവാർഡ് എന്നിവിടങ്ങളിൽ ഇലക്ട്രോണിക്ക് വീൽചെയറും പയ്യന്നൂർ മുനിസിപ്പാലിറ്റി 39-ാം വാർഡ്, ചെറുപുഴ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് എന്നിവിടങ്ങളിൽ കൃത്രിമക്കാലും വിതരണം ചെയ്യും. 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇലക്ട്രോണിക് വീൽചെയർ ലഭിച്ചിട്ടില്ലെന്ന ശിശു വികസന പദ്ധതി ഓഫീസറുടെ (സി ഡി പി ഒ) സാക്ഷ്യപത്രവും സഹിതം ആഗസ്റ്റ് 30 ന് വൈകീട്ട് അഞ്ചിനകം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ അപേക്ഷ ലഭിക്കണം. ഫോൺ: 8281999015

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: തീയ്യതി നീട്ടി

ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവർക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ ഒന്ന് വരെ നീട്ടി. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 50,000 രൂപയാണ് ധനസഹായം. വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബി.പി.എൽ, ശാരീരിക മാനസിക വെല്ലുവിളിയുള്ള കുട്ടികളുള്ളവർ, പെൺകുട്ടികൾ മാത്രമുള്ളവർ, മക്കളില്ലാത്തവർ തുടങ്ങിയവർക്ക് മുൻഗണന. അപേക്ഷകർ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് സ്ഥിരവരുമാനം ഉള്ളവരോ പത്ത് വർഷത്തിനുള്ളിൽ ഭവന നിർമാണത്തിന് സഹായം ലഭിച്ചവരോ ആകരുത്. പ്രത്യേകം തയ്യാറാക്കിയ അപേക്ഷയോടൊപ്പം നികുതി സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ പകർപ്പ്, വീടിന്റെ വിസ്തീർണം തെളിയിക്കുന്ന സാക്ഷ്യപത്രം, പത്തുവർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. അപേക്ഷകൾ കലക്ട്രേറ്റിലെ ന്യൂനപക്ഷ സെക്ഷനിൽ നേരിട്ടോ, എഡിഎം, ജില്ല ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ജില്ലാ കലക്ട്രേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷാഫോറം www.minortiywelfare.kerala.gov.in എന്ന സൈറ്റിൽ നിന്നും ലഭിക്കും.

ഇ-മസ്റ്ററിംഗ്; അപേക്ഷ നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ നിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച് ഉത്തരവായ ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ഇ-മസ്റ്ററിംഗ് ചെയ്യേണ്ട സമയപരിധി സെപ്റ്റംബർ 10 വരെ ദീർഘിപ്പിച്ചു. പ്രസ്തുത സമയ പരിധിക്കുള്ളിൽ എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നും പിന്നീട് സമയം അനുവദിക്കില്ലെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2705197

സ്‌ക്വയർ മെഷ് കോഡ് എൻഡ് വിതരണം

2025-26 വർഷത്തിൽ യന്ത്രവൽകൃത ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്ക് സ്‌ക്വയർ മെഷ് കോഡ് എൻഡ് വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം ട്രോളർ ബോട്ട് ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു യൂണിറ്റിന് 16,000 രൂപ വിലയുള്ള ഫിഷ് കോഡ് എൻഡ്, ഷ്രിംപ് കോഡ് എൻഡ് എന്നിവ 50 ശതമാനം സബ്സിഡിയോടെ വിതരണം ചെയ്യും. താൽപര്യമുള്ള യാനഉടമകൾ സെപ്റ്റംബർ പത്തിനകം അതാത് മത്സ്യഭവനുകളിൽ നിർദിഷ്ട മാതൃകയിൽ അപേക്ഷകൾ നൽകണം. കൂടുതൽ വിവരങ്ങൾ തലശ്ശേരി, കണ്ണൂർ, അഴീക്കോട് (അഴീക്കൽ) മത്സ്യഭവൻ ഓഫീസുകളിലോ, കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ ലഭിക്കും. ഫോൺ: 0497 2731081

മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സ്

അസാപ് പാലയാട് സ്‌കിൽ പാർക്കിൽ അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്നൊരുക്കുന്ന ആറുമാസ മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. 2021 നുശേഷം ഐ.ടി.ഐ ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ആദ്യ രണ്ടുമാസത്തെ ക്ലാസ് കണ്ണൂർ ഗവ. പോളിടെക്‌നിക്കിലും നാല് മാസത്തെ പരിശീലനവും ആറ് മാസത്തെ ഓൺ ദി ജോബ് ട്രെയിനിങ്ങും കൊച്ചിൻ ഷിപ്പ്യാർഡിലും ആയിരിക്കും. ട്രെയിനിംഗ് സമയത്ത് സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ ഒരു വർഷത്തേക്ക് സ്റ്റൈപ്പന്റോടുകൂടിയ അപ്രന്റിസ്ഷിപ്പും ലഭിക്കും. https://csp.asapkerala.gov.in/courses/marine-structural-fitter-and-fabricator ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: +91 9495999712

ക്വട്ടേഷൻ ക്ഷണിച്ചു

ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ 2010 മോഡൽ ടാറ്റാ സ്‌പേഷ്യോ വാഹനം ലേലം ചെയ്ത് വിൽപന നടത്തിയശേഷം അഞ്ച് വർഷത്തേക്ക് ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തന്നെ തിരികെ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിന് രാവിലെ 11.30 വരെ സമർപ്പിക്കാം. ഫോൺ: 0497 2815163

.......................................................................

date