ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡ് : 16 അപേക്ഷകളിൽ തീർപ്പ്
ജില്ലയിലെ വ്യവസായ സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംരംഭകർക്ക് സമയബന്ധിതമായി അനുമതികൾ ലഭ്യമാക്കുന്നതിനുമായി ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡ്, ജില്ലാതല പരാതി പരിഹാര സമിതി, സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഏകജാലക ക്ലിയറൻസ് ബോർഡ് എന്നിവയുടെ സംയുക്ത യോഗം ചേർന്നു.
ജില്ലാ കളക്ടർ ജി.പ്രിയങ്ക ചെയർമാനായും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് കൺവീനറുമായ ഏകജാലക ക്ലിയറൻസ് ബോർഡ് യോഗത്തിൽ ആകെ 22 അപേക്ഷകൾ പരിഗണിച്ചു. അതിൽ 16 അപേക്ഷകൾ തീർപ്പാക്കി. അധിക രേഖകൾ ആവശ്യമുള്ളതും തുടർനടപടികൾ സ്വീകരിക്കേണ്ടതുമായ 6 അപേക്ഷകൾ അടുത്ത കമ്മിറ്റിയിൽ പരിഗണിക്കും.
പരാതി പരിഹാര സെല്ലിൽ ലഭിച്ച 15 അപേക്ഷകളിൽ 9എണ്ണം തീർപ്പാക്കി. ബാക്കി 6 അപേക്ഷകളിൽ വിവിധ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും.
സ്വകാര്യ വ്യവസായ എസ്റ്റേറ്റുമായി ബന്ധപ്പെട്ട 6 അപേക്ഷകൾ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഏകജാലക ക്ലിയറൻസ് ബോർഡിൽ പരിഗണിച്ചു. ഇതിൽ 4 എണ്ണം തീർപ്പാക്കി. തുടർ നടപടി ആവശ്യമുള്ള 2 അപേക്ഷകള്‍ അടുത്ത യോഗത്തിൽ പരിഗണിക്കാനും തീരുമാനിച്ചു.
അപേക്ഷകളിൽ പരമാവധി പ്രായോഗിക പരിഹാരം ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥരോട് കളക്ടർ നിർദേശിച്ചു. കളക്ടറേറ്റ് ട്രെയിനിങ് ഹാളിൽ നടന്ന യോഗത്തിൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ, അപേക്ഷകർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments