Skip to main content

നൂറുമേനി വിളവുമായി കളമശ്ശേരിയിലെ കൃഷിയിടങ്ങൾ" : ആവേശമായി വിളവെടുപ്പ് ഉത്സവം

 * മന്ത്രി പി രാജീവ് നേതൃത്വം നൽകി 

 

മണ്ണിൽ പൊന്നുവിളയിച്ച കർഷകരുടെ അധ്വാനത്തിന്റേയും കാർഷിക സംസ്കൃതിയുടെയും ആഘോഷമാക്കി കളമശ്ശേരിയിലെ വിളവെടുപ്പ് ഉത്സവം.

 

 കളമശ്ശേരി കാർഷികോത്സവത്തിന് മുന്നോടിയായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ കൃഷിയിടങ്ങളിൽ തിങ്കളാഴ്ച രാവിലെ മുതൽ വിളവെടുപ്പ് നടന്നു.

 

നൂറുമേനി വിളവുമായാണ് കളമശ്ശേരിയിലെ കൃഷിയിടങ്ങൾ വിളവെടുപ്പിന് ഒരുങ്ങിയത്. വെളിയത്തുനാട് വാസുദേവന്റെ പാട ശേഖരത്ത് നെല്ല് കൊയ്ത് കൊണ്ട് മന്ത്രി പി രാജീവ് വിളവെടുപ്പ് ഉത്സവത്തിന് തുടക്കം കുറിച്ചു. തുടർന്ന് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ ആഘോഷമായി വിളവെടുപ്പ് നടന്നു. കടമ്പൻ മൂത്താനും സംഘവും ചേർന്നതോടെ വിളവെടുപ്പ് ഉത്സവം കൂടുതൽ ആഘോഷമായി മാറി.

 

തടിക്കകടവ് ഇന്ദിര രവിയുടെയും കുന്നുകരയിലെ റിന്റുവിന്റെ കൂൺ കൃഷി , വയലോടം സംയോജിത കൃഷിയുടെ ഭാഗമായ മുട്ടകോഴി കൃഷി , മട്ടുപ്പാവ് കൃഷി,കുന്നുകര സർവീസ് സഹകരണ ബാങ്കിന്റെ ബന്തി പൂവ് കൃഷി, മാഞ്ഞാലിയിലെ അബ്ദുൽ ഖാദറിന്റെ കൂവ കൃഷി,,മാട്ടുപുറം ഇസ്മായിലിന്റെ ഏത്തകായ് കൃഷി, കരുമാല്ലൂരിലെ ഡേവിസിന്റെയും ആലങ്ങാട് പി കെ ഷാജിയുടെയും പച്ചക്കറി കൃഷി, ആലങ്ങാട് വർഗ്ഗീസിന്റെയും കുര്യപ്പന്റെയും കരിമ്പ് കൃഷി, എടയാറിലെ അബ്ദുൽ ജബ്ബാറിന്റെ കപ്പ കൃഷി,ഏലൂരിലെ കെ എം മുരളിയുടെ ചേന കൃഷി, കെ പി കനകന്റെ കുകുംബർ കൃഷി എന്നിവയും മന്ത്രി നേരിട്ട് എത്തി വിളവെടുത്തു. 

 

ഉച്ചയ്ക്ക് രണ്ടോടെ ഉളിയന്നൂരിലെ അബ്ദുൽ കരീമിന്റെ ചീര പാടത്തിലെ വിളവെടുപ്പോടെയാണ് 15 കൃഷിയിടങ്ങളിലായി നടത്തിയ മണ്ഡലത്തിലെ വിളവെടുപ്പുത്സവം സമാപിച്ചത്. കർഷകരും, ജനപ്രതിനിധികളും, നാട്ടുകാരും, ഉദ്യോഗസ്ഥരുമായി വലിയൊരു സംഘം ഓരോ കൃഷിയിടങ്ങളിലും മന്ത്രിയെ അനുഗമിച്ചതോടെ വിളവെടുപ്പ് നാടിന്റെ തന്നെ ഉത്സവമായി മാറി.

 

 കളമശ്ശേരി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനം ലക്ഷ്യമാക്കി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കൃഷിക്കൊപ്പം കളമശേരിയുടെ ഭാഗമായുള്ള മൂന്നാമത് കളമശേരി കാർഷികോത്സവത്തിന് ഇന്ന് ( ആഗസ്റ്റ് 26 ന്) തിരി തെളിയും. കളമശ്ശേരി ചാക്കോളാസ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന് നടൻ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യും. സെപ്തംബർ രണ്ടുവരെ വിവിധ പരിപാടികളുമായാണ് കാർഷികോത്സവം സംഘടിപ്പിക്കുന്നത്.

date