പരമാവധി പേരെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം
റസിഡന്റ്സ് - ഫ്ലാറ്റ് അസോസിയേഷൻ പ്രതിനിധികളുടെ യോഗം ചേർന്നു
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി പേരെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിന് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെയും ഫ്ലാറ്റ് അസോസിയേഷൻ പ്രതിനിധികളുടെയും യോഗം ചേർന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ ഓൺലൈനായാണ് യോഗം നടന്നത്.
ജനാധിപത്യത്തിന്റെ ഉത്സവമാണ് തിരഞ്ഞെടുപ്പുകൾ എന്നും അതിനാൽ ആരും വോട്ടിംഗിൽ നിന്ന് വിട്ട് നിൽക്കരുതെന്നും ജില്ലാ കളക്ടർ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇപ്പോൾ പേര് ചേർക്കാൻ അവസരമുണ്ട്. പേര് ചേർക്കലും ഒഴിവാക്കലും തുടങ്ങിയ എല്ലാ കാര്യങ്ങളിലും അവബോധം നൽകുന്ന ഇലക്ഷൻ ലിറ്ററസി ക്ലബ്ബുകൾ നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനം കൂടുതൽ ഫ്ലാറ്റുകളിലേക്കും റസിഡന്റ്സ് അസോസിയേഷനുകളിലേക്കും വ്യാപിപ്പിക്കും.
അസോസിയേഷൻ പ്രതിനിധികൾക്ക് സംശയങ്ങളും നിർദേശങ്ങളും ഉന്നയിക്കാൻ യോഗത്തിൽ അവസരം ഒരുക്കിയിരുന്നു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ വി.ഇ അബ്ബാസ്, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments