പ്രവാസി ക്ഷേമ ബോർഡ് - അംഗത്വ കാമ്പയിൻ സംഘടിപ്പിച്ചു
കേരള സർക്കാർ നോർക്ക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള പ്രവാസി ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിച്ചു. എറണാകുളം ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി അംഗം എം.യു അഷ്‌റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
കാക്കനാട് സിവിൽ സ്റ്റേഷൻ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി ക്ഷേമ ബോർഡ് ഹെഡ് ഓഫീസ്, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി. എം. ജോസ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ സി.പി തസ്‌നീം, കെ.ജെ പീറ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിക്ക് എറണാകുളം, തിരുവനന്തപുരം ജില്ലയിലെ പ്രവാസി ക്ഷേമ ബോർഡ് ജീവനക്കാർ നേതൃത്വം നൽകി.
പ്രവാസികൾക്ക് പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭ്യമാകാൻ പ്രവാസി ക്ഷേമനിധിയിൽ പുതിയതായി അംഗത്വം എടുക്കാനും നഷ്ടപ്പെട്ട അംഗത്വം പിഴയിളവ് ആനുകൂല്യത്തോടെ പുതുക്കാനും ക്യാമ്പയിനിൽ അവസരം ഒരുക്കിയിരുന്നു.
നൂറോളം പ്രവാസികൾ കാമ്പയിനിൽ പങ്കെടുത്തു. സംസ്ഥാനത്ത് എല്ലായിടത്തും ഇത്തരത്തിൽ പ്രവാസി ക്ഷേമ ബോർഡ് കാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. എട്ടാമത് ജില്ലയിലാണ് കാമ്പയിൻ നടന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്ത ജില്ലയിലെ പ്രവാസികൾക്ക് www.pravasikerala.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങളിൽ സേവനം ലഭ്യമാണ്. ഓൺലൈനായി അംഗത്വം പുതുക്കാനും പുതുതായി എടുക്കാനും കഴിയുമെന്നും നിലവിലുള്ള പിഴിയളവ് എന്ന ആനുകൂല്യം നിശ്ചിത കാലത്തേക്ക് മാത്രമേ ഉണ്ടാകൂ എന്നും പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ. പി. ലില്ലീസ് അറിയിച്ചു.
- Log in to post comments