Skip to main content

ജൈവ മാലിന്യ സംസ്കരണത്തിലെ കുമ്പളങ്ങി മാതൃക -കുംബോസ് ജൈവ വളം

ജൈവ മാലിന്യ സംസ്കരണത്തിലെ കുമ്പളങ്ങി മാതൃക ശ്രദ്ധേയമാകുന്നു. കാടുകയറി കിടന്ന ഗ്രാമപഞ്ചായത്തിലെ ശുചിത്വതീരം പാർക്കിലുള്ള തുമ്പൂർ മുഴി ജൈവ മാലിന്യ സംസ്കരണ യൂണിറ്റ് സ്വകാര്യ ഏജൻസിയായ എക്കോനോവഗ്രീൻ സൊല്യൂഷനുമായി ചേർന്ന് പുനരാരംഭിച്ചതിനെ തുടർന്നുണ്ടായ ജൈവ വളം ഗ്രാമപഞ്ചായത് കുംബോസ് ജൈവ വളം എന്ന പേരിൽ ബ്രാൻഡ് ചെയ്തു വിപണിയിൽ എത്തിക്കുകയാണ്.

 

തിങ്കളാഴ്ച (സെപ്റ്റംബർ 1) വൈകീട്ട് 4 ന് വൈസ് പ്രസിഡണ്ട് പി.എ സഗീർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗ്രാമപഞ്ചായത് പ്രസിഡണ്ട് സൂസൻ ജോസഫ് പരിപാടി ഉദ്‌ഘാടനം ചെയ്യും.

 

ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ഡോ.ശീതൾ ജി മോഹൻ ആദ്യ വിൽപ്പന നടത്തുന്ന യോഗത്തിൽ ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ എസ്.രഞ്ജിനി മുഖ്യ അതിഥിയായി ആകും.

 

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ പാഴ് വസ്തുക്കളുടെ ശേഖരണത്തിലും കൈമാറ്റത്തിലും കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ടെകിലും ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ കാര്യമായി മുന്നോട്ട് പോകാൻ സാധിച്ചിട്ടില്ല. എന്നാൽ കുമ്പളങ്ങി ഗ്രാമപഞ്ചായത് എക്കോ നോവ ഗ്രീൻ സൊല്യൂഷൻ എന്ന സ്വകാര്യ ഏജൻസിയുമായി ചേർന്ന് നടത്തിയ പ്രവർത്തനം മറ്റുള്ള ഗ്രാമപഞ്ചായത്തുകളും ഏറ്റെടുക്കുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് സംഘടിപ്പിച്ച വൃത്തി കോൺക്ലേവിൽ മികച്ച ജൈവമാലിന്യ സംസ്കരണം മാതൃകയായി അവതരിപ്പിക്കുകയും മാലിന്യമുക്ത നവകേരളം കാമ്പയിനിൽ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച കമ്മ്യൂണിറ്റിതല ജൈവ മാലിന്യ സംസ്ക്കരണ യൂനിറ്റിനുള്ള അംഗീകാരവും ലഭിക്കുകയുമുണ്ടായി. യൂണിറ്റിന്റെ പ്രവർത്തനത്തിലൂടെ ഗ്രാമപഞ്ചായത്തിന് നിശ്ചിത വരുമാനവും ലഭിക്കുന്നുണ്ട്. അര ടണ്‍ ശേഷിയുള്ള ആറു യൂണിറ്റുകളാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത് (ആകെ മൂന്ന് ടൺ ). 2025 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ച യൂണിറ്റ് നിലവിൽ ഓഡിറ്റോറിയങ്ങള്‍ , കാറ്ററിങ് യൂണിറ്റുകള്‍, ആഘോഷ പരിപാടികള്‍,റിസോർട്ടുകൾ എന്നിവടങ്ങളിൽ നിന്നുമാണ് മാലിന്യം ശേഖരിച്ചു ജൈവ വളം ഉല്പാദിപ്പിക്കുന്നത് . ഹരിതകർമസേന വഴി അജൈവ പാഴ് വസ്തു ശേഖരണം 100 ശതമാനം ലക്ഷ്യം കൈവരിക്കാൻ ഗ്രാമപഞ്ചായത്തിന് സാധിക്കുന്നുണ്ട്. കണ്ടക്കടവിലെ ശുചിത്വ തീരം പാര്‍ക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന തുമ്പൂര്‍ മുഴി യൂണിറ്റ് വിപുലമാക്കുന്നതിലൂടെ ജൈവ മാലിന്യ സംസ്കരണത്തിലും പൂർണതയിൽ എത്താനുള്ള ശ്രമത്തിലാണ് കുമ്പളങ്ങി ഗ്രാമപഞ്ചായത്.

 

date