Skip to main content

ഓണവിപണിയില്‍ സര്‍ക്കാര്‍ നടത്തുന്നത് മാതൃകാപരമായ ഇടപെടല്‍: മന്ത്രി ജി ആര്‍ അനില്‍

മാതൃകാപരമായ  ഇടപെടലിലൂടെ ഈ ഓണക്കാലത്തും ജനങ്ങള്‍ക്ക് വിലക്കയറ്റത്തിന്റെ നേരിയ സമ്മര്‍ദ്ദം പോലും ഇല്ലാതെ ന്യായവിലയ്ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി  ജി ആര്‍ അനില്‍. നെടുമങ്ങാട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഓണച്ചന്ത ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റത്തിനുള്ള സാധ്യത രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തോതിലാണ്. വിലക്കയറ്റത്തിന്റെ സമ്മര്‍ദ്ദമില്ലാതെ  ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാനാകുന്ന സപ്ലൈകോയുടെ സേവനം വലുതാണ്. 
വിദൂര ഗ്രാമങ്ങളില്‍ നേരിട്ട് എത്തുന്ന 'സഞ്ചരിക്കുന്ന ഓണച്ചന്ത'കള്‍ക്ക് ഇതിനോടകം വലിയ സ്വീകാര്യതയാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ഓണച്ചന്ത നെടുമങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ പീപ്പിള്‍സ് ബസാറിലാണ് നടക്കുന്നത്.

ചടങ്ങില്‍ നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ സി എസ് ശ്രീജ ആധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സിന്ധുകൃഷ്ണകുമാര്‍,  കെ.പി.പ്രമോഷ്, പാട്ടത്തില്‍ ഷെരീഫ് എന്നിവര്‍ പങ്കെടുത്തു.

 

 

date