Skip to main content

സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ: വകുപ്പുതല സന്ദർശനം പൂർത്തിയാക്കാൻ ജില്ലാ വികസന സമിതി നിർദേശം

കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും കെ.എസ്.ഇ.ബി, എൽ.എസ്.ജി.ഡി, റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ പരിശോധന നടത്തി സെപ്റ്റംബർ 25 നകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്‌കൂളുകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ സുരക്ഷ ഓഡിറ്റ് പൂർത്തിയായതായി വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി ഷൈനി അറിയിച്ചു. 

എം.എൽ.എമാരുടെ ഫണ്ടുകൾ ഉപയോഗിച്ച് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ടെണ്ടർ ചെയ്ത് കരാർ ഉടമ്പടിയായെങ്കിലും അവ സ്ഥാപിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് എം എൽ എ മാരായ കെ. പി. മോഹനൻ, കെ.കെ. ശൈലജ ടീച്ചർ, ടി ഐ മധുസൂദനൻ, കെ വി സുമേഷ് എന്നിവർ ആവശ്യപ്പെട്ടു. 

പയ്യന്നൂർ മണ്ഡലത്തിലെ കാങ്കോൽ-ആലപ്പടമ്പ്, പെരിങ്ങോം-വയക്കര, ചെറുപുഴ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ബസ് റൂട്ട് നിലവിലില്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ ബസ് റൂട്ടിന് പെർമിറ്റ് അനുവദിക്കുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ ആർടിഒയ്ക്ക് ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി. ടിഐ മധുസൂദനൻ എംഎൽഎയാണ് വിഷയം ഉന്നയിച്ചത്. 
യാത്രാക്ലേശം അനുഭവിക്കുന്ന മേഖലയിൽ ബസ് റൂട്ടുകൾ അനുവദിക്കണം. ബസുകൾക്കുള്ള ടൈമിംഗ് നൽകുന്നത് വേഗത്തിലാക്കണം. ഗ്രാമീണ റൂട്ടുകളിൽ ഉൾപ്പെടെ സ്വകാര്യ ബസുകൾ സർവ്വീസ് നടത്താൻ മുന്നോട്ട് വരുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കി ബസ് ഓട്ടം ആരംഭിക്കാനുള്ള നടപടികൾ ഗതാഗത വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.

പാനൂർ താലൂക്ക് ആശുപത്രിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറ്റം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് അടിയന്തിര ഇടപെടലുണ്ടാവണമെന്ന് കെ.കെ. ശൈലജ ടീച്ചർ എം എൽ എ കത്ത് മുഖേന ആവശ്യപ്പെട്ടു.
 
തെരുവുനായ ശല്യം പരിഹരിക്കാൻ ഓരോ കോർപ്പറേഷൻ ഡിവിഷനുകളിലും അഞ്ച് ഷട്ടർ ഹോമുകൾ വീതം ഒരുക്കിയിട്ടുണ്ടെന്നും മാളിക പറമ്പ് ഷെൽട്ടർ ഹോമിലേക്ക് 20 ഷെൽട്ടറുകൾ വാങ്ങി സ്ഥാപിച്ചിട്ടുണ്ടെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു. വെള്ളത്തിന്റേയും വൈദ്യുതിയുടെയും ലഭ്യത ഉറപ്പാക്കി തുടർ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. തെരുവ് നായ്ക്കളെ പിടികൂടുന്നതിനായി മൂന്ന് നെറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. എബിസി സെന്റർ ഇരട്ടിയാക്കാൻ ആലോചനകളുണ്ടെന്നും അത്യന്തം അക്രമകാരികളായ തെരുവ് നായ്ക്കളെ കോർപറേഷന്റെ പരിശീലനം ലഭിച്ച തൊഴിലാളികളെ ഉപയോഗിച്ച് ഹോമുകളിലേക്ക് മാറ്റുന്നുണ്ടെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തു. 

കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വ്യാപകമാവുന്ന സാഹചര്യത്തിൽ തുരിശും, ഉപ്പും ചേർത്ത മിശ്രിതം തളിച്ച് ഇവയെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചതായി കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. ഒച്ചിന്റെ ദേഹത്തുള്ള വിര ആകസ്മികമായി മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് അസുഖമുണ്ടാക്കുമെന്നതിനാൽ ഒച്ചിനെ ഗ്ലൗസ് ഉപയോഗിക്കാതെ നേരിട്ട് കൈകാര്യം ചെയ്യാൻ പാടില്ലന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ആഫ്രിക്കൻ ഒച്ചിന്റെ നിയന്ത്രിക്കാൻ മയ്യിൽ ഗ്രാമപഞ്ചായത്ത് മാതൃകയിൽ പ്രൊപ്പോസൽ തയ്യാറാക്കാൻ കൃഷി വകുപ്പിന് നിർദേശം നൽകി. 

കൊട്ടിയൂർ ശിവക്ഷേത്രത്തിലേക്കുള്ള ഗതാഗത കുരുക്ക് പരിഹരിക്കാനും ക്ഷേത്രത്തിൽ ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും മെഡിക്കൽ സൗകര്യം വർധിപ്പിക്കാനും വിവിധ വകുപ്പുകളിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാനിന്റെ കരട്  സമർപ്പിച്ചിതായി ജില്ലാ വികസന കമ്മീഷണർ അറിയിച്ചു. സെപ്റ്റംബർ ഒമ്പതിന് ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല യോഗം ചേരും.

ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ അപകടകരമായ സാഹചര്യങ്ങളിലുള്ള റോഡിലെ കുഴി, വെള്ളക്കെട്ട് തുടങ്ങിയവ സംബന്ധിച്ച് ദുരന്തനിവാരണ സെക്ഷനിൽ ലഭിക്കുന്ന പരാതികളും റിപ്പോർട്ടുകളും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി തുടർനടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് ഡെപ്യൂട്ടി കലക്ടർ ഡി എം അറിയിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗത്തിന് കീഴിൽ വരുന്ന റോഡുകളിൽ ഉണ്ടാകുന്ന കുഴികളെല്ലാം തന്നെ സമയബന്ധിതമായി അടച്ച് പൂർവ്വസ്ഥിതിയിലാക്കുന്നുണ്ടെന്നും മഴ മാറിയാലുടൻ മുഴുവൻ കുഴികളും അടച്ച് റോഡുകൾ പൂർണ്ണമായും ഗതാഗത യോഗ്യമാക്കുമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം എഞ്ചിനീയർ അറിയിച്ചു.

എം എൽ എ, എ ഡി എസ് ഫണ്ട് പ്രകാരം റോഡുകളുടെ അറ്റകുറ്റപ്പണികൾ, റീടാറിംഗ്, നവീകരണം, ഉപരിതലം പുതുക്കൽ എന്നിവക്കുള്ള പ്രവൃത്തികൾ അനുവദനീയമല്ലന്നും എന്നാൽ ഇത്തരം പ്രവൃത്തികൾക്ക് സർക്കാർ, എം.എൽ.എമാരുടെ അപേക്ഷ പരിഗണിച്ച് പ്രത്യേകാനുമതി നൽകുന്നതിനാൽ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സീനിയർ ഫിനാൻസ് ഓഫീസർ അറിയിച്ചു. റോഡുകൾ, പാലങ്ങൾ, ഓവുചാലുകൾ, കലുങ്കുകൾ, നടപ്പാതകൾ എന്നിവയുടെ നിർമ്മാണമാണ് ഉത്തരവ് പ്രകാരം അനുവദിക്കാവുന്ന പ്രവൃത്തികൾ. 

പൈതൽമല റിസോർട്ട് റിപ്പയർ ചെയ്ത് ഏറ്റെടുത്ത് നടത്തുന്നതിനുള്ള തുടർനടപടികൾ സ്വീകരിച്ചതായും ഇതിന്റെ ഭാഗമായി ക്ഷണിച്ച ക്വട്ടേഷൻ സ്വീകരിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 10 വരെ നീട്ടിയതായും ഡി ടി പി സി സെക്രട്ടറി അറിയിച്ചു.

കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഏറ്റെടുത്തിട്ടുള്ള കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് തിരുത്തലുകൾ വരുത്തി സെപ്റ്റംബർ പത്തിനുള്ളിൽ കിഫ്ബിയിൽ സമർപ്പിക്കുമെന്ന് റീജിയണൽ മാനേജർ കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.

തലശ്ശേരി താലൂക്കിൽ പെരിങ്ങളം വില്ലേജിലെ അണിയാരം ദേശത്ത്  അന്യംനിന്നുപോയ 58 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഭൂരേഖകളിൽ മാറ്റം വരുത്തുന്നതിനുള്ള തുടർ നടപടികൾക്കായി തലശ്ശേരി ഭൂരേഖ തഹസിൽദാർക്ക് നിർദേശം നല്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടർ എൽ.ആർ അറിയിച്ചു.

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പ്രൊപ്പോസലിൽ ആദ്യ ഗഡുവായ 9,71359 രൂപയ്ക്കുള്ള ഉപകരണങ്ങളുടെ ലിസ്റ്റും എസ്റ്റിമേറ്റും കൗൺസിൽ തീരുമാനപ്രകാരം ഫണ്ട് അനുവദിക്കുന്നതിന് ജില്ലാ മിനറൽ ഫൗണ്ടേഷന് അയച്ചിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. ഉപകരണങ്ങൾ വാങ്ങുന്നതിലേക്കായി കണ്ണൂർ ജില്ലാ മിനറൽ ഫൗണ്ടേഷനിൽ നിന്നും തുക അനുവദിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ ജില്ലാ മിനറൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് യോഗത്തിൽ പരിഗണിച്ചിട്ടുണ്ടെന്ന് ജില്ല ജിയോളജിസ്റ്റ് റിപ്പോർട്ട് ചെയ്തു.

ആറളം പുനരധിവാസ മേഖലയിലെ ഭൂമി വിതരണവുമായി ബന്ധപ്പെട്ട് 137 പേർക്ക് കൈവശ രേഖ അനുവദിക്കുന്നത് സംബന്ധിച്ചും കയ്യേറ്റം, പ്ലോട്ട് മാറ്റം എന്നി വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിനുമായിന് ഗുണഭോക്തൃ തിരിച്ചറിയൽ കമ്മറ്റിയോഗം ചേർന്നതായി പ്രൊജക്ട് ഐ.ടി.ഡി.പി അറിയിച്ചു. ഒഴിവ് വരുന്ന പ്ലോട്ടുകളിൽ വാസയോഗ്യമായ 137 പ്ലോട്ടുകൾ അനുവദിക്കുന്നതിന്  ഗുണഭോക്താക്കളെ  കണ്ടെത്തിയിട്ടുണ്ടെന്നും നറുക്കെടുപ്പ് നടത്തി 137 എണ്ണം സ്‌കെച്ചും മഹസ്സറും തയ്യാറാക്കി ഇരിട്ടി തഹസിൽദാർ സമർപ്പിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കലക്ടർ എൽആർ. റിപ്പോർട്ട് ചെയ്തു.

ആറളം പുനരധിവാസ മേഖലയിലെ ഒമ്പതാം ബ്ലോക്കിൽ വന്യ ജീവി സങ്കേതത്തിന് അടുത്തായി നിർമ്മിച്ച എൽ പി സ്‌കൂൾ കെട്ടിടം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആദിവാസി മേഖലയിലെ കുടുംബശ്രീ പ്രവർത്തകർക്കും സംരംഭകർക്കും മറ്റും പരിശീലനത്തിനും വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുമായി കുടുംബശ്രിക്ക് താക്കോൽ കൈമാറുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലകളിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനയും കാട്ടുപന്നിയും ഇറങ്ങുന്നത് തടയുന്നതിനായി പാത്തിക്കൽ മുതൽ  കോഴിക്കോട് ജില്ലാ അതിർത്തിവരെ 10 കി.മീ. സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനായി സമർപ്പിച്ച 67,88,000 രൂപയുടെ നമ്പാർഡ് ആർ ഐഡിഫ് പ്രോജക്ട് പ്രൊപ്പോസൽ കൃഷി ഡയറക്ടർ അംഗീകരിക്കുന്നതോടെ നടപടി സ്വീകരിക്കും. കൂടാതെ ഡി.പി.ആർ അംഗീകാരത്തിനായി കൃഷി ഡയറക്ടറേറ്റിൽ നിന്നും പ്രിൻസിപ്പൽ സെക്രട്ടറി, അഗ്രികൾച്ചർ വകുപ്പിന് സമർപ്പിച്ചിട്ടുള്ളതായും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. 

താഴെ ചൊവ്വ ഭാഗത്ത് റെയിൽവെയുടെ സൈഡിൽ വരുന്ന എൻ.എച്ച്. കൾവർട്ടിന്റെ അരികിൽ മുറിച്ചിട്ട മരങ്ങൾ റെയിൽവെ ഇടപെട്ട് നീക്കം ചെയ്തതായും വെള്ളത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിച്ചതായും കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.

കനത്ത മഴയിൽ പഴശ്ശി പദ്ധതിയുടെ ഭാഗമായുള്ളതും, ആറ് മാസം മുമ്പ് പണി പൂർത്തിയാക്കിയ പഴശ്ശി കനാൽ ഭിത്തി തകർന്ന് നാശനഷ്ടങ്ങൾ ഉണ്ടായതിനാൽ വിശദമായ അന്വേഷണം നടത്തുന്നതിന് ആവിശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് കെ ഇ ആർ ഐ സൂപ്രണ്ടിംഗ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഐ ഡി ആർ ബി തിരുവനന്തപുരത്തേക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചു. തുടർ നടപടികൾ പെട്ടെന്ന് സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മാടായി ജി.എം.യു.പി സ്‌കൂളിന് കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പഴയ കെട്ടിടം പൊളിച്ച് പുതിയത് നിർമ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നത് ടെണ്ടർ മുഖേന ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ടെന്ന് അതികൃതർ അറിയിച്ചു. തുടർനടപടികൾക്കായി മൂല്യനിർണ്ണയം ആവശ്യപ്പെടണമെന്ന് കലക്ടർ അറിയിച്ചു.

തൃപ്രങ്ങോട്ടൂർ കീഴ്മാടം കല്ലിക്കണ്ടി റോഡ് വീതി കൂട്ടുന്നതിന് ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പുകളും ഗാർഹിക കണക്ഷനായി സ്ഥാപിച്ച പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതിന് കെ ഡബ്ല്യൂ എ എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച എസ്റ്റിമേറ്റ് അംഗീകരിച്ചതായി കെ ആർ എഫ് ബി അറിയിച്ചു.

പഴശ്ശി ഇറിഗേഷന്റെ ഉടമസ്ഥതയിലുള്ള 16 സെന്റ് സ്ഥലത്ത് പാട്യം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനായി പ്രൊപോസൽ സമർപ്പിക്കുന്നതിന് തലശ്ശേരി തഹസിൽദാർക്ക് നിർദേശം നൽകിയതായി ഡെപ്യൂട്ടി കലക്ടർ എൽ ആർ അറിയിച്ചു. 

ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് ഡ്രഡ്ജ് ചെയ്ത മണൽ നിക്ഷേപിക്കുന്നതിന് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉന്നയിച്ചതിനാൽ പ്രശനം പരിശോധിക്കുന്നതിന് എംഎൽഎ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരടുങ്ങുന്ന യോഗം വിദഗ്ധ സമിതിയെ നിയോഗിച്ചു. പുതുതായി കണ്ടെത്തിയ  സ്ഥലത്ത് ഡ്രഡ്ജിംഗ് പ്രവർത്തി ആരംഭിച്ച് മണൽ നിക്ഷേപിക്കാൻ തീരുമാനമായതായി ഹാർബർ എഞ്ചിനീയർ അറിയിച്ചു. 

എട്ടിക്കുളം എച്ച്.എസ്-പാലക്കോട് റോഡിൽ ജലജീവൻ മിഷൻ, ടെലഫോൺ കമ്പനികൾ എന്നിവർ പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി എടുത്ത കുഴികളെല്ലാം സമയബന്ധിതമായി മൂടിയിട്ടുണ്ടെന്നും ശേഷിക്കുന്ന റോഡുകൾ നന്നാക്കാനുള്ള പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എക്സി. എഞ്ചിനീയർ, പൊതുമരാമത്ത് റോഡ് വിഭാഗം അറിയിച്ചു. 

ഡോ. വി ശിവദാസൻ എം പി, എം എൽ എമാരായ ടി ഐ മധുസൂദനൻ, കെ വി സുമേഷ്, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, എംപിമാരുടെ പ്രതിനിധികൾ, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത്, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു

date