പശുക്കിടാങ്ങളുടെ ജനനം ഉറപ്പാക്കുന്ന പരീക്ഷണം വിജയം
ലിംഗനിർണയം നടത്തി പശുക്കുട്ടികളുടെ ജനനം ശാസ്ത്രീയമായി ഉറപ്പാക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പരീക്ഷണത്തിന് വിജയതുടക്കം.
നെടുമ്പന സ്വദേശി ഗിരീഷിൻ്റെ വൃദ്ധി ഫാമിൽ ജേഴ്സി, ഹോൾസ്റ്റയിൻ പശുക്കളിലായി നടത്തിയ നാല് കുത്തിവെയ്പിലും പിറന്നത് പശുക്കിടാങ്ങൾ.
ജില്ലയിൽ 24 കേന്ദ്രങ്ങളിൽ കുത്തിവയ്പ് സൗകര്യം ലഭ്യമാകും. പാലിൻ്റെ ഉൽപാദനം വർധിപ്പിക്കാനാണ് പദ്ധതി. രാഷ്ട്രീയഗോകുൽ മിഷൻ്റെ ഭാഗമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചേർന്നാണ് നടപ്പാക്കുന്നത്. അത്യുല്പാദനക്ഷമതയുള്ള ബീജമാത്രകൾ കുത്തിവയ്ചാണ് പശുകുട്ടികളുടെ ജനനം ഉറപ്പാക്കുന്നത്.
വിദേശ സാങ്കേതികവിദ്യയിൽ നിർമിതമായ ബീജ മാത്രകൾ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻ്റ് ബോർഡ് വഴിയാണ് സംസ്ഥാനത്ത് എത്തിക്കുന്നത്. കുറഞ്ഞത് 10 ലിറ്ററെങ്കിലും പാൽ തരുന്ന പശുക്കളിലാണ് ആദ്യപരീക്ഷണം.
കടയ്ക്കൽ, നെടുമ്പന, എഴുകോൺ, പരവൂർ, ചെറുവയ്ക്കൽ, കല്ലുവാതുക്കൽ, ചെമ്മക്കാട്, പവിത്രേശ്വരം, ചിതറ, പുത്തൻകുളം, കുലശേഖരപുരം, പോരുവഴി, പടിഞ്ഞാറേ കല്ലട,
കുളത്തൂപ്പുഴ, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി, കുളക്കട, ചിറക്കര എന്നീ സർക്കാർ മൃഗാശുപത്രികളിലും വരിഞ്ഞം, അമ്പലംകുന്ന്, പാവുമ്പ, പുത്തൻതെരുവ്, പുലിയൂർ വഞ്ചി, കിളികൊല്ലൂർ എന്നീ സബ് സെൻ്ററുകളിലുമാണ് ലിംഗനിർണയം നടത്തിയ ബീജാധാനത്തിനുള്ള
സൗകര്യമൊരുക്കിയിട്ടുള്ളത്.
കർഷകർക്ക് 500 രൂപ ഒറ്റത്തവണ അടച്ച് രജിസ്റ്റർ ചെയ്യാം. ആദ്യകുത്തിവെയ്പ് പരാജയപ്പെട്ടാൽ ഒന്നുകൂടി സൗജന്യമായി ലഭിക്കും, വീണ്ടും ഗർഭാധാരണമെത്തിയില്ലെങ്കിൽ തുക തിരികെ നൽകും.
71, 162 ആണ് ജില്ലയിലെ പശുക്കളുടെ എണ്ണം. 30,000 പശുക്കൾ വർഷത്തിൽ പ്രജനന സജ്ജമാകും. പൊതു കണക്കനുസരിച്ച് 6000 പശുക്കിടാങ്ങൾ പ്രതിവർഷം ജനിക്കും. പദ്ധതി വിജയിച്ചാൽ മൂന്ന് വർഷത്തിൽ ജില്ലയുടെ പാലുല്പാദനം ഇരട്ടിയിലധികമാവുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ
ഡോ. ഡി.ഷൈൻകുമാർ പറഞ്ഞു.
- Log in to post comments