ലാവണ്യം 2025 ഇന്ന് മുതൽ
എറണാകുളം ജില്ലയിൽ ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലാവണ്യം 2025’ ന് ഇന്ന് (സെപ്റ്റംബർ 2) തുടക്കം.
ഓണാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം ദർബാർഹാൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും.
ഉദ്ഘാടന ചടങ്ങിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഓണാശംസകൾ അറിയിച്ച് സംസാരിക്കും. കൊച്ചി മേയർ എം. അനിൽ കുമാർ, ഹൈബി ഈഡൻ എം.പി. എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, എം.എൽ.എ മാരായ കെ. ജെ. മാക്സി, അഡ്വക്കേറ്റ് പി. വി. ശ്രീനിജിൻ, ആന്റണി ജോൺ, നഗരസഭ കൗൺസിലർ പത്മജ മേനോൻ, ജില്ലാ ടൂറിസം വകുപ്പ് ജോയിൻ ഡയറക്ടർ സുബൈർ കുട്ടി, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ഡി.ടി.പി.സി. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ ജോർജ് ഇടപ്പരത്തി, ഷെബീബ്, പി. ആർ. റെനീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. ബി. ബിജു, ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ് തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമാകും.
ഉദ്ഘാടനത്തിന് പിന്നാലെ എറണാകുളം ശിവക്ഷേത്രത്തിലെ വാദ്യകലാകാരൻമാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, സോപാന സംഗീതം, പ്രശസ്ത ഗായകൻ അതുൽ നറുകര അവതരിപ്പിക്കുന്ന 'സോൾ ഓഫ് ഫോക്', നാടൻ ഗാനാവതരണം എന്നിവ അരങ്ങേറും.
സാധാരണ നഗരകേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഓണാഘോഷം ഇത്തവണ ജില്ലയുടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. കളമശ്ശേരി, ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ട്, കുമ്പളങ്ങി, വാസ്കോ ഡ ഗാമ സ്‌ക്വയർ, പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടം, ചെമ്പറക്കി ജാമിയ ഹസ്‌നിയ ഗ്രൗണ്ട്, ചെറായ് ബീച്ച്, പനമ്പിള്ളിനഗർ, തേവര, വൈലോപ്പിള്ളി പാർക്ക്, ഭൂതത്താൻകെട്ട്, പിറവം തുടങ്ങിയ 16 വേദികളിലാണ് ‘ലാവണ്യം 2025’ കലാസന്ധ്യകൾ അരങ്ങേറുന്നത്.
മുപ്പത്തിമൂന്നിൽ പരം വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന്റെ ഭാഗമായി അരങ്ങേറും.
ശാസ്ത്രീയ നൃത്താവതരണങ്ങൾ, സൂഫി സംഗീതം, ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ, പെർഫ്യൂം ബാൻഡ് ഷോ, നാടൻ പാട്ടുകൾ, കഥാപ്രസംഗങ്ങൾ, ഊരാളി പാട്ടും പറച്ചിലും, ദേശിയ കലാരൂപങ്ങളുടെ നൃത്താവതരണം, ഗസൽ, ചാക്യാർ കൂത്ത്, അൽഫോൻസ് ജോസഫിന്റെ സംഗീതവിരുന്ന് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ചെറായി ബീച്ചിൽ ജമ്മു കാശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, ആസാം, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ അവതരിപ്പിക്കും.
കുമ്പളങ്ങിയിൽ സെപ്റ്റംബർ 9-ന് പ്രശസ്ത കലാസംഘടനയായ കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകം അരങ്ങേറും.
ഓണാഘോഷത്തിന്റെ ഭാഗമായി ദർബാർഹാൾ ഗ്രൗണ്ട് ഉൾപ്പെടെ വിവിധ വേദികളിൽ ദീപാലങ്കാരവും ഒരുക്കുന്നുണ്ട്.
പൊതു ജനങ്ങൾക്ക് എല്ലാ പരിപാടികൾക്കും സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.
- Log in to post comments