Skip to main content

തൊഴിലാളികൾ അടച്ച തുക കാണാനില്ലെന്ന പ്രചാരണം വാസ്തവ വിരുദ്ധം: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൊഴിലാളികൾ അടച്ച തുക കാണാനില്ലെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ചെയർമാൻ സി.കെ ഹരികൃഷ്ണൻ അറിയിച്ചു. 2005 ൽ കേരള കേരള മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളി ക്ഷേമനിധി ഭേദഗതി പദ്ധതി നിലവിൽ വരുമ്പോൾ നാമമാത്രമായ തൊഴിലാളികളാണ് അംഗങ്ങളായുണ്ടായത്. വാർത്തയിൽ സൂചിപ്പിച്ച 5.35 ലക്ഷം ഓട്ടോറിക്ഷ തൊഴിലാളികളിൽ ബഹുഭൂരിപക്ഷം പേരും 2019 ൽ പദ്ധതി പരിഷ്‌കരിച്ചശേഷം അംഗങ്ങളായവരാണ്. 2019 നവംബറിന് ശേഷമാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ വിഹിതം 50 ൽ നിന്ന് 60 ആയി ഉയർത്തിയത്. നിലവിൽ 12 ലക്ഷത്തിലധികം തൊഴിലാളികൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെ 34428 തൊഴിലാളികൾ പുതുതായി അംഗത്വമെടുത്തു. ഇപ്പോൾ അംഗങ്ങളായവരടക്കം 5.35 ലക്ഷം ഓട്ടോറിക്ഷ തൊഴിലാളികൾ 2005 മുതൽ 60 രൂപ വിഹിതം അടച്ചു എന്നും ഈ തുക കാണാനില്ലെന്നും പ്രചരിപ്പിച്ച് മോട്ടോർ തൊഴിലാളികൾക്കിടയിൽ ആശങ്ക പരത്തുന്ന അസത്യ പ്രചരണങ്ങളെ തിരിച്ചറിയണമെന്നും തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ തിരുത്താൻ തയ്യാറാകണമെന്നും ചെയർമാൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
 

date