Skip to main content

മനുഷ്യ-- വന്യ ജീവി സംഘര്‍ഷ ലഘൂകരണം; 45 ദിന കര്‍മ്മ പദ്ധതിയുമായി വനം വകുപ്പ്

ഗ്രാമ പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെ മൂന്ന് ഘട്ടമായി പ്രശ്‌ന പരിഹാര യജ്ഞം

ഒന്നാം ഘട്ടം ഇന്ന് മുതല്‍ (സെപ്തംബര്‍ 16 മുതല്‍)

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ഇന്ന് സംസ്ഥാനം നേരിടുന്ന സങ്കീര്‍ണ്ണവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതുമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യമായത്ര വേഗത്തില്‍ ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ 45 ദിവസം നീളുന്ന ഒരു തീവ്രയജ്ഞ പരിപാടി ആരംഭിക്കുന്നു. വന്യജീവി സംഘര്‍ഷങ്ങള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍, കാടിനകത്തുകൂടിയുള്ള ഗതാഗതം, നടപ്പാതകള്‍, തുടങ്ങിയ ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന പലവിധ പ്രശ്‌നങ്ങളും വന്യജീവികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു, കാര്‍ഷിക വിളകളുടെ നഷ്ടപരിഹാര വിതരണത്തിലെ കാലതാമസം, കാല്‍നടയായി സഞ്ചരിക്കുന്ന ചെറിയ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ക്ക് വന്യജീവികളാല്‍ സുരക്ഷാ ഭീഷണിയുണ്ടാകുന്നു തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യജ്ഞം നടത്തുന്നത്.

വനം വകുപ്പിനെ കൂടുതല്‍ ജന സൗഹാര്‍ദ്ദമായി മാറ്റി  അവരുടെ വനസംബന്ധമായ (പ്രത്യേകിച്ച് മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട) പ്രശ്‌നങ്ങളും പ്രതിസന്ധികളും കണ്ടെത്തി അവ ജനകീയമായി പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതി. ഇതിന്റെ ഭാഗമായി  ആരംഭിക്കുന്ന പദ്ധതിയാണ് മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി. സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ പല തലങ്ങളിലുള്ള തയ്യാറെടുപ്പുകള്‍, പരിശീലനങ്ങള്‍, ആസൂത്രണം, വിഭവസമാഹരണം എന്നിവ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 16 മുതല്‍ മൂന്ന് ഘട്ടങ്ങളായാണ് ഈ പദ്ധതി നടക്കുക.

ഒന്നാം ഘട്ടം (സെപ്റ്റംബര്‍ 16 മുതല്‍)

ഒന്നാം ഘട്ടത്തില്‍ കേരളത്തിന്റെ മലയോര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും റെയിഞ്ച് ഓഫീസുകളിലും വനം വകുപ്പിന്റെ ഹെല്‍പ്-ഡെസ്‌കുകള്‍ തുറക്കും. ഇതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും അടങ്ങുന്ന ടീമുകള്‍ രൂപീകരിക്കും. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ് എന്നിവരില്‍പ്പെട്ട ഒരു വനം വകുപ്പ് ജീവനക്കാരനെ ഓരോ പഞ്ചായത്തിലും ഫെസിലിറ്റേറായി ചുമതലപ്പെടുത്തും. ജന പ്രതിനിധികള്‍, പഞ്ചായത്ത് ഭാരവാഹികള്‍, വിവിധ സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ എന്നിവരില്‍ നിന്നും വിവരശേഖരണം നടത്തുന്നതിനും യോഗങ്ങള്‍ ചേരുന്നതിനും സന്ദേശങ്ങള്‍ കൈമാറുന്നതിനും വനം വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മില്‍ സുഗമമായ ആശയവിനിമയം നടത്തുന്നതിനുമായി ഫെസിലിറ്റേറ്റര്‍ സഹായിക്കും. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വിവരശേഖരണത്തിനായി ജനജാഗ്രതാ സമിതികള്‍ യോഗം ചേരും. വനം വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന പഞ്ചായത്തുതല ടീം അതാതു പ്രദേശത്തെ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ വനം വകുപ്പുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട വിഷയങ്ങളുടെ വിവരസമാഹരണം നടത്തും. പ്രത്യേകം പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനായുള്ള ശ്രമങ്ങള്‍ സെപ്റ്റംബര്‍ 16 മുതല്‍ ആരംഭിച്ച് 15 ദിവസം നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയിലൂടെ പൂര്‍ത്തിയാക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ-ത്തിന്റെ ഭാഗമായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുള്ള ജനജാഗ്രതാ സമിതികള്‍ ഇവര്‍ക്കു വേണ്ട പശ്ചാത്തല സൗകര്യം ഒരുക്കും. 15 ദിവസത്തിനുള്ളില്‍ മുഴുവന്‍ പഞ്ചായത്തുകളിലെയും വനസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും പ്രാദേശികമായ പ്രതിവിധികള്‍ കണ്ടെത്താവുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടത്തിന്റെ ചുമതല അതാത് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് ആയിരിക്കും. തീവ്രയജ്ഞ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള, നിലവില്‍ ജനജാഗ്രതാ സമിതികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍  പുതിയതായി ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. പുതുതായി രൂപീകരിച്ചിട്ടുള്ള പ്രൈമറി റെസ്‌പോണ്‍സ് ടീം അംഗങ്ങളുടെ സേവനം കൂടി ഒന്നാം ഘട്ടത്തിലെ പഞ്ചായത്തുതല വിവരശേഖരണ പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തും.

അവലോകന യോഗങ്ങള്‍

ഓരോ പഞ്ചായത്തിലും പരാതികള്‍, ആവലാതികള്‍, അപേക്ഷകള്‍ എന്നിവയുടെ ശേഖരണം, തരംതിരിക്കല്‍, ക്രോഡീകരണം, നടപടികള്‍ക്കായി ബന്ധപ്പെട്ട കാര്യാലയത്തിലേക്ക് കൈമാറല്‍, പരിഹാരം തുടങ്ങിയ കാര്യങ്ങളിലുള്ള പുരോഗതി അവലോകനം ചെയ്യുന്നതിനായി പഞ്ചായത്ത് തലത്തില്‍ ഭാരവാഹികളും ഒന്നാം ഘട്ട നടത്തിപ്പ് ചുമതലയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന അവലോകന യോഗങ്ങള്‍ 2025 സെപ്റ്റംബര്‍, 23, 29 തീയതികളില്‍ നടത്തും. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും അവലോകനം നടത്തുന്നതിനുമായി മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ നടത്തിപ്പിനായി രൂപീകരിച്ച കോര്‍ കമ്മിറ്റി ചെയര്‍മാന്‍, ജനറല്‍ കണ്‍വീനര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2025 സെപ്റ്റംബര്‍ 22, 27 തീയതികളില്‍ അവലോകന യോഗങ്ങള്‍ നടത്തും. ഇതിനോടനുബന്ധിച്ച് മേഖലാതല അവലോകന യോഗങ്ങള്‍ ഇതേ ദിവസങ്ങളില്‍ തന്നെ അതാത് റീജിയണല്‍ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേരും.

പരാതിപ്പെട്ടികള്‍ 

എഴുതി തയ്യാറാക്കിയ പരാതികള്‍, ആവലാതികള്‍, അപേക്ഷകള്‍ മുതലായവ നിക്ഷേപിക്കുന്നതിനായി സംഘര്‍ഷ ബാധിതമായി കണ്ടെത്തിയിട്ടുള്ള പഞ്ചായത്ത് കാര്യാലയത്തിലും ബന്ധപ്പെട്ട റെയിഞ്ച് ഓഫീസിലും പരാതിപ്പെട്ടികള്‍ ഒന്നാം ഘട്ടം ആരംഭിക്കുന്ന 2025 സെപ്റ്റംബര്‍ 16 മുതല്‍ 30 വരെ സ്ഥാപിക്കും. ഒരു വനം റെയിഞ്ചില്‍ വരുന്ന ഒന്നിലധികം പഞ്ചായത്തുകളില്‍, ഓരോ പഞ്ചായത്തിനും പ്രത്യേകം ്പരാതിപ്പെട്ടികള്‍ അടയാളപ്പെടുത്തി സ്ഥാപിക്കും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചോടെ പരാതിപ്പെട്ടികള്‍ തുറന്ന്, പരാതികള്‍ നമ്പരിട്ട്, തരം തിരിച്ച്, ക്രോഡീകരിക്കേണ്ടതും പരിഹാര നടപടികള്‍ സ്വീകരിക്കുകയോ അതിനായി ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ചു കൊടുക്കുകയോ ചെയ്യും. ലഭിച്ച പരാതികള്‍ സംബന്ധിച്ച പ്രതിദിന റിപ്പോര്‍ട്ട് ഗൂഗിള്‍ ഫോമില്‍ അപ്‌ഡേറ്റ് ചെയ്യും. തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ ലഭിച്ചിട്ടുള്ള ഓരോ പരാതിയിലുമുള്ള തുടര്‍ നടപടികളും പരിഹാരവും സംബന്ധിച്ച് പരാതിക്കാരെ കൃത്യമായി അറിയിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുറമേ ദുരന്തനിവാരണം, റവന്യൂ, കൃഷി, മൃഗസംരക്ഷണം മുതലായ ഇതര വകുപ്പുകളില്‍ നിന്നുകൂടി ഫണ്ട് സ്വരൂപിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.  

കരട് സംഘര്‍ഷ ലഘൂകരണ പ്ലാനുകള്‍

പഞ്ചായത്ത് തലത്തില്‍ 23, 29 തീയതികളില്‍ നടത്തുന്ന അവലോകന യോഗങ്ങള്‍, പരാതികളും ആവലാതികളും ശേഖരിക്കുന്നതിനായി നടത്തുന്ന ജനജാഗ്രതാ സമിതി യോഗങ്ങള്‍ എന്നിവയില്‍ അതാത് പഞ്ചായത്ത് ഉള്‍പ്പെടുന്ന വന പ്രദേശത്തെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി തയ്യാറാക്കിയ കരട് പ്ലാനുകളില്‍ അതാത് റെയിഞ്ചിനും പഞ്ചായത്തിനും ബാധകമായതും പ്രസക്തമായതുമായ ഭാഗങ്ങളും ശുപാര്‍ശകളും അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും. ഓരോ പഞ്ചായത്തിലും അതാത് പഞ്ചായത്ത് ഉള്‍പ്പെടുന്ന വന മേഖലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ കരട് പ്ലാന്‍ പുസ്തകരൂപത്തിലാക്കി പൊതുജനങ്ങളുടെ പരിശോധനയ്ക്കായി നല്‍കും.

രണ്ടാം ഘട്ടം (ഒക്ടോബര്‍ ഒന്ന് മുതല്‍)

ആദ്യ ഘട്ടത്തില്‍ പ്രാദേശികമായി പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളെ ജില്ലാതലത്തില്‍ ഗൗരവത്തോടെ അവതരിപ്പിച്ച് പരിഹരിക്കാനാണ് രണ്ടാം ഘട്ടത്തില്‍ ശ്രമിക്കുന്നത്. ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ജില്ലാതലത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി രൂപീകരിച്ചിട്ടുള്ള സമിതി  ഇതിന് നേതൃത്വം നല്‍കും. അതാത് പ്രദേശത്തെ എം.എല്‍.എമാര്‍ പരിപാടിയില്‍ പങ്കാളികളാവും. ഈ പ്രക്രിയ പതിനഞ്ച് ദിവസത്തോളം നീണ്ടുനില്‍ക്കും. അതാത് ജില്ലയിലെ ജില്ലാതല സമിതിയുടെ കണ്‍വീനറായ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കാണ് രണ്ടാം ഘട്ടത്തിന്റെ നടത്തിപ്പ് ചുമതല. ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെയായിരിക്കും തീവ്രയജ്ഞ പരിപാടിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

മൂന്നാം ഘട്ടം (ഒക്ടോബര്‍ 16 മുതല്‍)

മൂന്നാം ഘട്ടത്തിലാണ് സംസ്ഥാനതലത്തില്‍ തീര്‍പ്പാക്കേണ്ട കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. ജില്ലാതലത്തിലും പരിഹാരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളെ ക്രോഡീകരിച്ച് സര്‍ക്കാര്‍ തലത്തില്‍ അവതരിപ്പിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനായിരിക്കും ഈ ഘട്ടത്തില്‍ ശ്രമിക്കുക. വിവിധ വകുപ്പ് മന്ത്രിമാരും വകുപ്പ് മേധാവികളും പ്രദേശത്തെ എം.എല്‍.എമാരും ത്രിതല പഞ്ചായത്തുകളുടെ പ്രതിനിധികളും ഈ ഘട്ടത്തില്‍ പങ്കാളികളാകും. അടിസ്ഥാനത്തില്‍ വിവിധ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും കണ്ടെത്താന്‍ ശ്രമിക്കുക. ലാന്‍ഡ്‌സ്‌കേപ്പ് പരിഹാരങ്ങള്‍. ഒക്ടോബര്‍ 16 മുതല്‍ 30 വരെയായിരിക്കും തീവ്രയജ്ഞ പരിപാടിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. സംസ്ഥാനതലത്തിലും പരിഹാരിക്കാന്‍ കഴിയാത്ത ചില  പ്രശ്‌നങ്ങള്‍ക്ക് പരിഹാരത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ കൂടി ഇടപെടലും സഹായവും അനുകൂലമായ തീരുമാനവും വേണ്ടിവരും. അത്തരം പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്നതാണ്.

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം; വനം വകുപ്പ് ഹെല്‍പ്പ് ഡെസ്‌ക് തുറക്കുന്നു

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി മലയോര പഞ്ചായത്തുകളില്‍  ഇന്ന്  ( സെപ്തംബര്‍16 )മുതല്‍  സെപ്തംബര്‍   30 വരെ വനം വകുപ്പ് ഹെല്‍പ്പ് ഡെസ്‌ക് തുറക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മനുഷ്യ വന്യ ജീവി സംഘര്‍ഷ ലഘൂകരണ തിവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് ഹെല്‍പ്പ് ഡെസ്‌ക് തുറക്കുന്നത്. സെപ്തംബര്‍ 16 മുതല്‍ 30 വരെ മുളിയാര്‍, കാറഡുക്ക, ദേലംപാടി, പനത്തടി, ഈസ്റ്റ് എളേരി, ബളാല്‍ ഗ്രാമ പഞ്ചായത്തുകളിലും വനം വകുപ്പ് ഓഫീസുകളിലുമായിരിക്കും ഡെസ്‌കുകള്‍പ്രവര്‍ത്തിക്കുക.

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, വനം വകുപ്പിന്റെ സേവനങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ എന്നിവ ഹെല്‍പ്പ് ഡെസ്‌കുകളില്‍ സ്വീകരിക്കും പരിഹരിക്കാവുന്ന പരാതികള്‍ ഈ ഘട്ടത്തില്‍ തന്നെ പരിഹരിക്കും. ബാക്കിയുള്ളവ ജില്ലാ തല, സംസ്ഥാന തല ഘട്ടങ്ങളില്‍ പരിഗണിക്കും. ജില്ലാതല ഘട്ടം ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെയും സംസ്ഥാനതല ഘട്ടം 16 മുതല്‍ 30 വരെയുമാണ്. സെപ്തംബര്‍ 23, 29 തീയതികളില്‍ അതത് പഞ്ചായത്തുകളില്‍ ജന പ്രതിനിധികളുടെ സാന്നിധ്യത്തിൽ ‍ മനുഷ്യ, വന്യ ജീവി സംഘര്‍ഷ ലഘൂകരണത്തിന് തയ്യാറാക്കിയ അഭിപ്രായങ്ങളും അവതരിപ്പിക്കും.  ശേഷം നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും ലഭിച്ചതിന് ശേഷം ഫൈനല്‍ പ്ലാന്‍ പൂര്‍ത്തിയാക്കും. പൊതുജനങ്ങള്‍ തദ്ദേശസ്ഥാപന പരിധിയിലെ ഹെല്‍പ്പ് ഡെസ്‌കിലെത്തി സേവനം പ്രയോജനപ്പെടുത്തണമെന്ന് കാസര്‍കോട് ഡി.എഫ്.ഒ കെ.അഷറഫ് അറിയിച്ചു.

date