Skip to main content

അറിയിപ്പുകള്‍

ഗതാഗത നിയന്ത്രണം

രാമനാട്ടുകര വൈദ്യരങ്ങാടിയിലെ ആലുങ്ങല്‍-കിഴക്കേപട്ടായിക്കല്‍ റോഡ് നവീകരണം നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 17 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഭാഗികമായി ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അസി. പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കും. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം ക്ലാസ് എം.ടെക്ക്. ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഒന്നാം ക്ലാസ് എം ടെക് ബിരുദമുള്ളവരെയും പരിഗണിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 18ന് രാവിലെ 10ന് കോളേജ് ഓഫീസിലെത്തണം. ഫോണ്‍: 9745394730, 0496 2536125.

കെല്‍ട്രോണില്‍ ജേണലിസം കോഴ്‌സുകള്‍

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ്, പോസ്റ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ് എന്നീ കോഴ്സുകളിലാണ് പ്രവേശനം. ബിരുദം നേടിയവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. സെപ്റ്റംബര്‍ 25 വരെ അപേക്ഷ നല്‍കാം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്- 673002. ഫോണ്‍: 9544958182.

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷാ തീയതി നീട്ടി      

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ 2024ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച ക്ലബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 25 വരെ നീട്ടി. 
സാമൂഹിക പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവര്‍ത്തനം (ദൃശ്യ മാധ്യമം), കല, സാഹിത്യം, കായികം (പുരുഷന്‍), കായികം (വനിത), സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ ഓരോരുത്തര്‍ക്കാണ് വ്യക്തിഗത പുരസ്‌കാരം നല്‍കുക. അതത് മേഖലകളിലെ 18നും 40നും ഇടയില്‍ പ്രായമുള്ളവരെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സ്വയം അപേക്ഷ നല്‍കാനാവില്ല. അതത് മേഖലയുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും. 
യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം ക്ലബുകള്‍ക്കും പുരസ്‌കാരം നല്‍കും. ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാ തലത്തില്‍ അവാര്‍ഡ് നേടുന്ന ക്ലബുകളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കും. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. അപേക്ഷാ ഫോമും മാര്‍ഗനിര്‍ദേശങ്ങളും www.ksywb.kerala.gov.in ലും ജില്ലാ യുവജന കേന്ദ്രത്തിലും ലഭിക്കും. അപേക്ഷകള്‍ അയക്കേണ്ട വിലാസം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം, സിവില്‍ സ്റ്റേഷന്‍, ബി - ബ്ലോക്ക്, ആറാം നില, കോഴിക്കോട്. ഫോണ്‍: 0495-2373371.

ഇന്റേണല്‍ ഓഡിറ്റ്: താല്‍പര്യപത്രം ക്ഷണിച്ചു

കേരള സ്റ്റേറ്റ് നാളികേര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (കെ.എസ്.സി.ഡി.സി) 2025-26, 2026-27, 2027-28 സാമ്പത്തിക വര്‍ഷങ്ങളിലെ ഇന്റേണല്‍ ഓഡിറ്റ് നടത്തുന്നതിന് സി.എ സ്ഥാപനങ്ങളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. സെപ്റ്റംബര്‍ 27ന് വൈകിട്ട് മൂന്നിനകം കോഴിക്കോട് എലത്തൂരിലെ ഓഫീസില്‍ സമര്‍പ്പിക്കണം.

ജില്ലാ വികസന സമിതി യോഗം 

ജില്ലാ വികസന സമിതിയുടെ സെപ്റ്റംബറിലെ യോഗം 27ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

അക്ഷര കേരളം സര്‍വേ: സിഎസ്എസ് വിദ്യാര്‍ഥികള്‍ ബന്ധപ്പെടണം

കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പഠനത്തിന്റെ ഭാഗമായ സി.എസ്.എസ് പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി അക്ഷര കേരളം സര്‍വേയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ സാക്ഷരതാ മിഷന്‍ അവസരമൊരുക്കും. പദ്ധതിയുടെ ഉദ്ഘാടനം കോര്‍പറേഷന്‍ സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ കൗണ്‍സിലര്‍ എം എന്‍ പ്രവീണ്‍ നിര്‍വഹിച്ചു.
സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ്, അസി. കോഓഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍, പി ഷെമിത കുമാരി, വിദ്യാര്‍ഥികളായ കെ സന്ദീപ് കുമാര്‍, എം ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വേയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9446630185.

 

പ്രവാസി പരാതി പരിഹാര സമിതി യോഗം

ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം സെപ്റ്റംബര്‍ 22ന് വൈകിട്ട് നാലിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും. യോഗത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ 21ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയില്‍ ആയോ നല്‍കണം. പരാതികള്‍ കണ്‍വീനര്‍, ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി ആന്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പിഒ, കോഴിക്കോട് -673020 എന്ന വിലാസത്തില്‍ നല്‍കണം. ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഇ-മെയില്‍: jdlsgdkzd@gmail.com. ഫോണ്‍: 0495 2371799, 2371916.

വാഹന ടെണ്ടര്‍

വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2025-2026 വര്‍ഷം വാഹനം വാടകക്കെടുക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബര്‍ 26 ഉച്ച 2.30. ഫോണ്‍: 0495 2371343.

date