ശുചിത്വോത്സവത്തിന് ഇന്ന് തുടക്കമാകും; ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍
ശുചിത്വവും ശാസ്ത്രീയ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട 'സ്വച്ഛത ഹി സേവ' ക്യാമ്പയിന് ഇന്ന് (സെപ്റ്റംബര്‍ 17) തുടക്കമാകും. ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം വരെ നീളുന്ന ക്യാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. കേരളത്തില്‍ ശുചിത്വോത്സവം എന്ന പേരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മാലിന്യം കൂടിക്കിടക്കുന്ന 50 മുതല്‍ 100 വരെ സ്ഥലങ്ങള്‍ കണ്ടെത്തി വൃത്തിയാക്കുകയും പഞ്ചായത്തിലെ പ്രധാന ടൗണുകള്‍, പൊതു സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ശുചീകരിക്കുകയും ചെയ്യും.
ജില്ലയില്‍ 3000 മുതല്‍ 5000 വരെ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ശുചീകരണ തൊഴിലാളികള്‍ക്കായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മെഡിക്കല്‍ ക്യാമ്പ് നടത്തും. സ്‌കൂള്‍ കുട്ടികളിലും പൊതുജനങ്ങളിലും ശുചിത്വ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍, റാലികള്‍, വേസ്റ്റ് ടു ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ തുടങ്ങിയവയും അങ്കണവാടി കുട്ടികള്‍ക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കും.
ജില്ലാതല ആസൂത്രണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സബ് കലക്ടര്‍ ഗൗതം രാജ്, ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ ടി രാകേഷ്, എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ രാരാ രാജ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments