ഹയര്‍ സെക്കന്ററി തുല്യതപരീക്ഷ; ജില്ലയില്‍ 85 ശതമാനം വിജയം
പഠനം മുടങ്ങിയവര്‍ക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരത മിഷനിലൂടെ നടത്തുന്ന ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷയില്‍ ജില്ലക്ക് ഉജ്ജ്വല വിജയം. ജില്ലയില്‍ ആകെ പരീക്ഷ എഴുതിയ 543 മുതിര്‍ന്ന പഠിതാക്കളില്‍ 468 പേര് പാസ്സായതോടെ 85 ശതമാനം വിജയമാണ് ജില്ല കൈവരിച്ചത്. ഹ്യൂമാനിറ്റീസ് വിഷയത്തില്‍ 421 പേര്, കോമേഴ്സില്‍ 47 പേര്, കന്നട മീഡിയം 86 പേരുമാണ് പാസ്സായത്. ജനപ്രതിനിധികളും ആശാ വര്‍ക്കര്‍മാരും വിജയപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. പരപ്പ പഠന കേന്ദ്രത്തില്‍ പഠിച്ച അറുപത്തിയാറുക്കാരിയായ ആലീസ് ജോര്‍ജ്ജാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വിജയി. വിജയികള്‍ ഭൂരിഭാഗവും ശ്രീ നാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പ്രവേശനത്തിന് തയ്യാറെടുക്കുകയാണ്. എല്ലാ അവധി ദിവസങ്ങളിലും ജില്ലയിലെ ഒമ്പത് ഹയര്‍ സെക്കന്ററി സ്കൂളുകളിലായി സാക്ഷരതാ മിഷന് പഠിതാക്കള്‍ക്ക് കോണ്ടാക്ട് ക്ലാസ്സുകളും നല്കി വരുന്നു. വിജയികളെ ജില്ലാ സാക്ഷരതാ മിഷന് ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ജില്ലാ സാക്ഷരതാ മിഷന് കോഡിനേറ്റര്‍ പി.എന്‍ ബാബു എന്നിവര്‍ അഭിനന്ദിച്ചു.
കാസര്‍കോട് ജി.എച്ച്.എസ്.എസില്‍ പഠനം പൂര്‍ത്തീകരിച്ച 117 പേരില്‍ 98 പേര് വിജയിച്ചു. ബി.ഇ.എം.എച്ച്.എസ്.എസില്‍ പഠനം പൂര്‍ത്തീകരിച്ച 44 പേരില്‍ 43 പേരും ഹോസ്ദുര്‍ഗില്‍ 66 പേരില്‍ 62 പേരും ചെര്‍ക്കളയില്‍ പഠനം പൂര്‍ത്തീകരിച്ച 36 വിദ്യാര്‍ത്ഥികളില്‍ 33 പേരും ബദിയടുക്കയില്‍ പഠനം പൂര്‍ത്തീകരിച്ച 60 പേരില്‍ 56 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
- Log in to post comments