Skip to main content

ആയുഷ് രംഗത്ത് മറ്റൊരു മാതൃക: ആയുഷ് മേഖലയിൽ വിവരസാങ്കേതിക മുന്നേറ്റത്തിന് ദേശീയ ശില്പശാല

*ദ്വിദിന ശില്പശാലയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

'ആയുഷ് മേഖലയിലെ ഐടി സൊല്യൂഷനുകൾഎന്ന വിഷയത്തിൽ കോട്ടയം കുമരകത്ത് സെപ്റ്റംബർ 18, 19 തീയതികളിലായി ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിക്കും. ശില്പശാലയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിക്കും.

ആയുഷ് മേഖലയിൽ വിവരസാങ്കേതിക മുന്നേറ്റം കൊണ്ടുവരുന്നതിന് ഈ ശില്പശാല സഹായിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുർവേദവും ഹോമിയോപ്പതിയും യോഗയും സിദ്ധയും യുനാനിയും അടങ്ങുന്ന ആയുഷ് ചികിത്സാ മേഖലയെ കൂടുതൽ ജനകീയമാക്കുന്നതിന് നൂതന വിവരസാങ്കേതികവിദ്യാ ഇടപെടലുകൾ സഹായകമാകും. ശിൽപശാലയിലൂടെ ആയുഷ് മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന് പുതിയ ദിശാബോധം കൈവരിക്കും. ഇത് രാജ്യത്തെ ആയുഷ് സേവനങ്ങളുടെ വളർച്ചക്ക് സുപ്രധാന പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളായ ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (AHiMS), ഭാരതീയ ചികിത്സാ വകുപ്പിൽ നടപ്പിലാക്കുന്ന നെക്സ്റ്റ് ജെൻ ഇ- ഹോസ്പിറ്റൽ സംവിധാനം തുടങ്ങിയ സോഫ്‌റ്റ്വെയറുകൾ ശില്പശാലയിൽ അവതരിപ്പിക്കും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലാക്കിവരുന്ന വിവിധ ഐ.ടി സേവന മാതൃകകൾ ശില്പശാലയിൽ പ്രദർശിപ്പിക്കും.

ആയുഷ് മേഖലക്കായി സമഗ്രവും ഏകീകൃതവുമായ ഡിജിറ്റൽ മാതൃക രൂപപ്പെടുത്തൽമികച്ച ഡാറ്റ സംയോജനത്തിലൂടെ തെളിവ് അടിസ്ഥിതമായ നയരൂപീകരണം എന്നിവ ലക്ഷ്യം വെക്കുന്ന ശില്പശാലയിൽ 29 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. ഇത് ആയുഷ് സംവിധാനങ്ങളെ ദേശീയ ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റവുമായി ബന്ധിപ്പിക്കുവാൻ സഹായകമാകും.

തുടർന്ന് പ്രതിനിധി സംഘം സംസ്ഥാനത്തെ മികച്ച ആയുഷ് ചികിത്സാ കേന്ദ്രങ്ങളും ഹോംകോഔഷധി തുടങ്ങിയ സർക്കാർ ആയുഷ് മരുന്ന് നിർമാണ കേന്ദ്രങ്ങളും സന്ദർശിക്കും.

പി.എൻ.എക്സ് 4565/2025

date