തീരശോഷണം, ഓരു വെളള ഭീഷണി: തീരദേശ മാനേജ്മെൻ്റ് പ്ലാൻ അന്തിമ ഘട്ടത്തിലെന്ന് റവന്യു വകുപ്പു മന്ത്രി കെ രാജൻ
വൈപ്പിൻ: കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഓരു വെള്ള ഭീഷണിയിൽ നിന്ന് വൈപ്പിനെ സംരക്ഷിക്കുന്നതിന് അടിയന്തിര നടപടി എന്ന നിലക്ക് എൻസിസിആർ പഠനറിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന തീരദേശ മാനേജ്മെൻ് പ്ലാൻ അന്തിമ ഘട്ടത്തിലാണെന്നു റവന്യൂ, ഭവന മന്ത്രി കെ രാജൻ. ഇതിന് അംഗീകാരം ലഭിച്ചാൽ സ്ഥിരമായ തീരദേശ സംരക്ഷണ നടപടികൾ നിർദ്ദേശിക്കാനാകും. തുടർന്ന് മുഴുവൻ വൈപ്പിൻ തീരദേശത്തിനും യോജിച്ച പരിഹാര മാർഗങ്ങൾ നടപ്പിലാക്കാനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
തീരശോഷണവും ഒരു വെള്ള ഭീഷണിയും സംബന്ധിച്ച് നിയമസഭയിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി രാജൻ.
തീരശോഷണം സംസ്ഥാന സവിശേഷ ദുരന്തമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതു പ്രകാരം ദുരന്തബാധിതർക്ക് ദുരിതാശ്വാസത്തിന് അർഹതയുണ്ടെന്നു മന്ത്രി പറഞ്ഞു. പുഴ, കായൽ, കടൽ, മറ്റ് ജല സ്രോതസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അധികജലം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലാകുന്നവരും ദുരിതാശ്വാസത്തിന് അർഹരാണ്. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് വിഷയത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നായരമ്പലം, എടവനക്കാട്, ഞാറക്കൽ എന്നിവിടങ്ങളിൽ ജിയോബാഗ് ഉപയോഗിച്ചു അടിയന്തിര താൽക്കാലിക സംരക്ഷണ പ്രവർത്തനങ്ങൾ തുടരുകയാണ്. എടവനക്കാട് പഞ്ചായത്തിൽ മഴക്കാലത്തുണ്ടാകുന്ന അതിരൂക്ഷ കടലാക്രമണം തടയുന്നതിന് ടെട്രോപാഡ് സ്ഥാപിക്കാനായി ജിഡ അനുവദിച്ച 35 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകുന്നത് സർക്കാരിൻ്റെ സജീവ പരിഗണനയിലുമാണ്. ദേശീയ മിറ്റിഗേഷൻ ഫണ്ടിൽ നിന്നു തീരശോഷണം നേരിടുന്ന പ്രദേശങ്ങൾക്കു വേണ്ടി കടലാക്രമണ പ്രതിരോധ പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിച്ചു വരുന്നു. ജലസ്വേചന വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നു സാങ്കേതിക പഠനം നടത്തി പദ്ധതി ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കു സമർപ്പിക്കാൻ നടപടികൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി രാജൻ അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം 99.39 ലക്ഷം രൂപയുടെ ഏഴ് പ്രവൃത്തികളും നടപ്പ് സാമ്പത്തിക വർഷം 203.255 ലക്ഷം രൂപയുടെ 15 പ്രവൃത്തികളും നടപ്പാക്കിയത് തീരപ്രദേശങ്ങൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്. കാർബൺ ന്യൂട്രൽ ഗോശ്രീ പദ്ധതി (ഫ്ലോ ഗോശ്രീ) നടപ്പാക്കുന്നതിൻ്റെ ഭാഗമായി വൈപ്പിൻ പ്രദേശത്തെ തോടുകളുടെ പുനരുജ്ജീവനത്തിന് കുഴുപ്പിള്ളി പഞ്ചായത്തിൽ ഒൻപത് പ്രവൃത്തികൾക്കായി 76.78 ലക്ഷവും എടവനക്കാട് ഒരു പ്രവൃത്തിക്ക് 59 ലക്ഷവും മുളവുകാട് 4 പ്രവൃത്തികൾക്കായി 200.3 ലക്ഷവും പള്ളിപ്പുറത്ത് 10 പ്രവൃത്തികൾക്കു 74 ലക്ഷവും നായരമ്പലത്ത് നാല് പ്രവൃത്തികൾക്കു 372.7 ലക്ഷവും രൂപയുടെ പ്രൊപ്പോസൽ ജിഡയുടെ അംഗീകാരത്തിനു നൽകിയിട്ടുണ്ട്. വിഷയം സർക്കാരിൻ്റെ സജീവ പരിഗണനയിലുമാണെന്നു മന്ത്രി പറഞ്ഞു.
ആർ എം പി തോടിൻ്റെ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് നവകേരള സദസിനെ തുടർന്ന് അനുവദിച്ച 2.29 കോടി രൂപയ്ക്കു ഭരണ, സാങ്കേതിക അനുമതികൾ ലഭിച്ചിട്ടുണ്ട്. ഇതേ തോടിൻ്റെ സംരക്ഷണത്തിനു 2 കോടി രൂപയുടെ മറ്റൊരു പദ്ധതിക്ക് അനുമതി നൽകുന്നത് സർക്കാരിൻ്റെ പരിഗണനയിലാണ്.
വല്ലാർപാടത്തെ ഓരു വെള്ള ഭീഷണിയിൽ നിന്നു സംരക്ഷിക്കുന്നതിന് ജിഡയുടെ 12 കോടിയുടെ പദ്ധതിക്ക് മേജർ ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ അവിടെ കയ്യേറ്റമുണ്ടെന്നു പ്രഥമദൃഷ്ടിയിൽ ബോധ്യപ്പെട്ട സാഹചര്യത്തിൽ ജില്ലാ കലക്ടർ നിയോഗിച്ച പ്രത്യേക സർവ്വേ ടീമിൻ്റെ ജോലി അവസാന ഘട്ടത്തിലാണ്. സർവ്വേ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റിൽ ആവശ്യമായ മാറ്റം വരുത്തി പദ്ധതി നടപ്പാക്കും.
ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപെടുത്തി ആർ എം പി തോടിൻ്റെ അഴിമുഖത്തിൽ അടിഞ്ഞ ചെളിയും ഏക്കലും നീക്കുന്ന പ്രവൃത്തികൾ തുടരുകയാണ്. വല്ലാർപാടം കായലോരത്തെ ഔട്ടർ ബണ്ട് നിർമ്മാണത്തിനുള്ള ഡിസൈൻ, ഇറിഗേഷൻ ഡിസൈൻ ആൻ്റ് റിസർച്ച് ബോർഡ് നൽകിയതനുസരിച്ച് എസ്റ്റിമേറ്റ് അംഗീകാരത്തിനായി നൽകിയിട്ടുണ്ടെന്നും മന്ത്രി രാജൻ വ്യക്തമാക്കി.
തീരശോഷണ, ഓരു വെള്ള ഭീഷണി വിശദീകരിച്ച കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ബന്ധപ്പെട്ട ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും സബ്മിഷനിൽ ആവശ്യപ്പെട്ടു.
- Log in to post comments