സ്വാഗതം ഭാവിക, അധ്യക്ഷൻ ദേവാനന്ദ്;വ്യത്യസ്തമായി സാഹിത്യോൽസവം ഉദ്ഘാടനം
താമരക്കുളം വി വി എച്ച് എസ് എസ് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഭാവികാ ലക്ഷ്മി സ്വാഗതവും കാസർഗോഡ് ചീമേനി ജി എച്ച് എസ് വിദ്യാർഥി ദേവാനന്ദ് അധ്യക്ഷത വഹിച്ച കുട്ടികളുടെ സാഹിത്യോൽസവം - അക്ഷരക്കൂട്ട് ഉദ്ഘാടന ചടങ്ങ് വ്യത്യസ്തമായി. കിളികളെയും കാറ്റിനെയുമടക്കം സ്വാഗതമാശംസിച്ച ഭാവികയെ നിറഞ്ഞ കൈകളോടെയാണ് സദസ്സ് സ്വീകരിച്ചത്. മാനവിക മൂല്യങ്ങളെ ഉയർത്തി എഴുത്തും വായനയും വിദ്യാർഥികളിലെത്താൻ സാഹിത്യോൽസവം സഹായിക്കുമെന്ന് അധ്യക്ഷനായ കാസർഗോഡ് ചീമേനി ജി എച്ച് എസ് വിദ്യാർഥി ദേവാനന്ദ് പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യോത്സവമായ 'അക്ഷരക്കൂട്ട്' ഇനി എല്ലാ വർഷവും നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം കനകക്കുന്നിൽ അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവനയ്ക്കും സർഗ്ഗാത്മകതയ്ക്കും ചിറകുകൾ നൽകുന്ന ഒരു പുതിയ ചരിത്രസംഭവമാണിത്.
?ഒന്നാം ക്ലാസ്സുകാരുടെ ഡയറിക്കുറിപ്പുകൾ 'കുരുന്നെഴുത്തുകൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ചപ്പോഴുള്ള മികച്ച പ്രതികരണമാണ് ഇങ്ങനെയൊരു സംസ്ഥാനതല പുസ്തകോത്സവം സംഘടിപ്പിക്കാനുള്ള ചിന്തയ്ക്ക് വഴിയൊരുക്കിയത്. ഈ ആശയം കൂടുതൽ വിപുലീകരിച്ചാണ് 'അക്ഷരക്കൂട്ട്' എന്ന വലിയ പരിപാടിക്ക് രൂപം നൽകിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയുടെ (SIET) നേതൃത്വത്തിൽ തിരുവനന്തപുരം കനകക്കുന്ന്, ജവഹർ ബാലഭവൻ, മൺവിള എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് സാഹിത്യോത്സവം അരങ്ങേറുന്നത്. കുട്ടികൾ രചിച്ച പുസ്തകങ്ങളുടെ പ്രദർശനം, സാഹിത്യ ശില്പശാലകൾ, പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 140-ൽ അധികം വിദ്യാർത്ഥികളാണ് ഈ സാഹിത്യോത്സവത്തിൽ മുഴുവൻ സമയ പങ്കാളികളാകുന്നത്. മറ്റ് സാഹിത്യോത്സവങ്ങളിൽ കാണാത്ത ഒരു പ്രത്യേകത 'അക്ഷരക്കൂട്ടിനുണ്ട്'. ഇവിടെ പ്രദർശിപ്പിക്കുന്ന ഓരോ പുസ്തകവും എഴുത്തുകാരായ അധ്യാപകർ വായിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ മെന്റർ ടീച്ചർമാരുടെ സാന്നിധ്യത്തിൽ ഈ പുസ്തകങ്ങൾ ചർച്ച ചെയ്യുകയും വിശകലനം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യും. ഇത് കുരുന്നു പ്രതിഭകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രോത്സാഹനമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെയൊരു സംരംഭം ഒരു വർഷം കൊണ്ട് അവസാനിപ്പിക്കേണ്ട ഒന്നല്ലെന്നും, കുട്ടികളുടെ സർഗ്ഗശേഷിയെ എല്ലാ വർഷവും പരിപോഷിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ ചരിത്രപരമായ പ്രഖ്യാപനം നമ്മുടെ കുട്ടി എഴുത്തുകാർക്ക് സർക്കാർ നൽകുന്ന ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. പരിപാടിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
ചടങ്ങിൽ എഴുത്തുകാരായ പ്രഭാവർമ, ജോർജ് ഓണക്കൂർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടൻ, എസ്.ഐ.ഇ.ടി. ഡയറക്ടർ ബി അബു രാജ്, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഡയറക്ടർ ഡോ. പി പ്രമോദ്, സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ് 4569/2025
- Log in to post comments