സി ഇ ഒ @ ഉന്നതി പദ്ധതിക്ക് ഇന്ന് അട്ടപ്പാടിയില്‍ തുടക്കമാകും എസ്.ഐ.ആർ 2025 മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നു
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരും ഭാഗമാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ന്റെ നേതൃത്വത്തില്‍ സി ഇ ഒ @ ഉന്നതി എന്ന പദ്ധതിക്ക് അട്ടപ്പാടിയില്‍ ഇന്ന് ( സെപ്റ്റംബര്‍ 16) തുടക്കമാകും. എസ്.ഐ.ആർ 2025 (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍- SIR ) ആരംഭിക്കുന്നതിനു മുന്നോടിയായി ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന മുന്നൊരുക്ക അവലോകന യോഗത്തിലാണ് സി ഇ ഒ പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചത്. അട്ടപ്പാടി ആനവായിലെ ഉന്നതിയില്‍ രാവിലെ 11.30 ന് സി ഇ ഒ നേരിട്ട് സന്ദര്‍ശിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. അട്ടപ്പാടിയിലെ ഏറ്റവും വിദൂര പോളിങ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ആനവായി. എല്ലാ ജില്ലയിലും ഇത്തരത്തിലുള്ള ഉള്‍പ്രദേശങ്ങള്‍ സി ഇ ഒ നേരില്‍ സന്ദര്‍ശിക്കും. 2002 ലെ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പേരുകൾ 2025 ലെ നിലവിലുള്ള പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും, കൂടാതെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്ക്കർഷിച്ചിട്ടുള്ള ആവശ്യമായ രേഖകള്‍ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ കൈവശം പോലും ഉണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്ന വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
സെപ്റ്റംബര്‍ 20 ന് മുമ്പായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ( ബി എല്‍ ഒ) ബൂത്ത് ലെവല്‍ ഏജന്റ്മാര്‍ക്ക് (ബി എല്‍ എ)മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ബി എല്‍ എ മാരെ ബൂത്തുകളില്‍ നിയോഗിച്ചിട്ടുണ്ടെന്ന് ബി എല്‍ ഒമാര്‍ ഉറപ്പു വരുത്തണം. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കണമെന്നും സി ഇ ഒ പറഞ്ഞു. ബി എല്‍ ഒ മാരുടെ ജോലികള്‍ കൃത്യമായി ബി എല്‍ ഒ സൂപ്പര്‍വൈസര്‍മാരും അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസര്‍മാരും ( എ ഇ ആര്‍ ഒ) കൃത്യമായി വിലയിരുത്തണം. 2002 ലെയും 2025 ലേയും വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 20 നകം എല്ലാ ബി എല്‍ ഒ മാരും താരതമ്യം ചെയ്ത്, എത്ര വോട്ടർമാരുടെ പേരുകൾ രണ്ടു പട്ടികയിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തണം. ബി എല്‍ ഒ മാര്‍ എന്യൂമറേഷന്‍ ഫോമുകളുമായി അതാത് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിക്കണം, വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന 12 രേഖകളില്‍ ഒരെണ്ണമെങ്കിലും വോട്ടര്‍മാരുടെ കൈവശം ഉണ്ടെന്ന് ഇവര്‍ ഉറപ്പ് വരുത്തണം മുതലായ കാര്യങ്ങള്‍ സി ഇ ഒ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
അഡീഷ്ണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ സി ശര്‍മിള, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സജീദ്, ജില്ലാ തിരഞ്ഞെടുപ്പ് അസിസ്റ്റന്റുമാരായ പി എ ടോംസ്, കെ കിഷോര്‍, ജില്ലയിലെ എ ഇ ആര്‍ ഒ മാര്‍, ഇലക്ഷന്‍ ക്ലാര്‍ക്ക്മാര്‍, മറ്റു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments