ലക്ഷദ്വീപ് സ്‌കൂളുകൾക്കായി കൈറ്റ് റോബോട്ടിക് കിറ്റുകൾ നൽകി
പൊതുവിദ്യാഭ്യാസ വകുപ്പിലെ സാങ്കേതിക സ്ഥാപനമായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലക്ഷദ്വീപിലെ ഒൻപത് ദ്വീപുകളിലുമുള്ള സ്കൂളുകളിൽ റോബോട്ടിക് പഠനത്തിനായി റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്തു. ലക്ഷദ്വീപിൽ കേരളത്തിലെ പാഠ്യപദ്ധതി പിന്തുടരുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ നൂതന പദ്ധതി നടപ്പാക്കിയത്.
മൂന്ന് വിദ്യാർത്ഥികൾക്ക് ഒരു കിറ്റ് എന്ന നിലയിൽ ആകെ 100 റോബോട്ടിക് കിറ്റുകളാണ് കൈറ്റ് നൽകിയത്. റോബോട്ടിക്സ് പഠനം കൂടുതൽ ലളിതവും പ്രായോഗികവുമാക്കാൻ ഇത് സഹായിക്കും. കിറ്റുകൾ വിതരണം ചെയ്തതിനൊപ്പം ലക്ഷദ്വീപിലെ ഹൈസ്കൂൾ തലത്തിൽ ഐ.സി.ടി പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്കും ഡയറ്റ് ഫാക്കൽറ്റികൾക്കുമായി അഞ്ചുദിവസത്തെ പ്രത്യേക പരിശീലനത്തിനും തുടക്കമായി. കൈറ്റിന്റെ എറണാകുളത്തുള്ള റീജിയണൽ റിസോഴ്സ് സെന്ററിലാണ് ഇന്ന് മുതൽ പരിശീലനം നടക്കുന്നത്.
കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിലെ കുട്ടികൾക്ക് മികച്ച പഠനം ഉറപ്പാക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്കൂളുകൾക്കുള്ള റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്തു.
കഴിഞ്ഞ മാസം ലക്ഷദ്വീപ് സ്കൂളുകളിലെ മുഴുവൻ പിജി അധ്യാപകർക്കും കൈറ്റിന്റെ നേതൃത്വത്തിൽ നിർമിത ബുദ്ധിയിൽ (എ.ഐ) പരിശീലനം നൽകിയിരുന്നു. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന അധ്യായത്തിൽ സര്‍ക്കീട്ട് നിര്‍മ്മാണം, സെന്‍സറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നുണ്ട് . ഇത് പഠിപ്പിക്കാനാണ് ആര്‍ഡിനോ ബ്രഡ്ബോര്‍ഡ്, ഐ ആര്‍ സെന്‍സര്‍, സെര്‍വോ മോട്ടോര്‍, ജമ്പര്‍ വെയറുകള്‍ തുടങ്ങിയവ ഉൾപ്പെടുന്ന റോബോട്ടിക് കിറ്റുകൾ കൈറ്റ് നൽകുന്നത് . കേരളത്തിലെ സ്‌കൂളുകൾക്കായി 29000 റോബോട്ടിക് കിറ്റുകൾ കൈറ്റ് ഇതിനകം നൽകിയിട്ടുണ്ട് . കൂടുതൽ റോബോട്ടിക് കിറ്റുകള്‍ ആവശ്യമുള്ള സ്കൂളുകള്‍ക്ക് അവ നേരിട്ട് വാങ്ങാനും കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.
ചടങ്ങിൽ ലക്ഷദീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അക്കാഡമിക് വിദഗ്ദൻ കെ കെ ഷാനവാസ് , കൈറ്റ് ഫാക്കൽറ്റികളായ എ ആർ മുഹമ്മദ് അസ്‌ലം , സ്വപ്ന ജെ നായർ , എൻ പി ജയൻ , അജി ജോൺ എന്നിവർ സംസാരിച്ചു. അടുത്ത ഘട്ടം ലക്ഷദീപിലെ പ്രൈമറി, അപ്പർ പ്രൈമറി വിഭാഗം അധ്യാപകർക്കുള്ള പരിശീലനവും ഉടൻ ക്രമീകരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ അറിയിച്ചു.
- Log in to post comments