Skip to main content

ഉത്പ്പന്നങ്ങൾ ഒരു കുടക്കീഴിൽ : യൂണിറ്റി മാൾ ഉദ്ഘാടനം ഫെബ്രുവരിയിൽ

# പരമ്പരാ​ഗത ഉത്പ്പന്നങ്ങളുടേയും ജി.ഐ ടാ​ഗ് ഉത്പ്പന്നങ്ങളുടേയും കേന്ദ്രം#

പരമ്പരാ​ഗത ഉത്പ്പന്നങ്ങളെയും പ്രാദേശിക കരകൗശല വിദ​ഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് നിർമ്മാണം പുരോ​ഗമിക്കുന്ന യൂണിറ്റി മാളിന്റെ ഉദ്ഘാടനം 2026 ഫെബ്രുവരിയിൽ നടക്കും. എം.എസ്.എം.ഇ.കളെ സഹായിക്കുന്നതിനായി രൂപകല്പന ചെയ്യുന്ന  യൂണിറ്റി മാളിന്റെ നിർമ്മാണം ദ്രുത​ഗതിയിൽ പുരോ​ഗമിക്കുകയാണ്. ഏകദേശം 62 ശതമാനം വർക്കുകൾ പൂർത്തിയായി.

തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് രണ്ടര ഏക്കര്‍ സ്ഥലത്ത് 1.9 ലക്ഷം ചതുരശ്ര അടിയിലാണ് മാളിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 120 കോടിയാണ് പദ്ധതി ചെലവ്. ഊരാളൂങ്കൽ ലേബർ സർവ്വീസ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. സംസ്ഥാനത്തെ പ്രദേശിക ഉത്പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താനും ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും ഇത് പ്രയോജനപ്രദമാകും. ഒരു ജില്ല ഒരു ഉത്പ്പന്നം, ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ഉത്പ്പന്നം എന്നിവയുടെ പ്രോത്സാഹനമാണ് പദ്ധതിയുടെ ലക്ഷ്യം.

50 സ്റ്റാളുകൾ മാളിൽ സജ്ജീകരിക്കും. കേരളത്തിലെ 14 ജില്ലകളുടേയും ഒ.ഡി.ഒ.പി (ഒരു ജില്ല ഒരു ഉത്പ്പന്നം), ജി.ഐ ഉത്പ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കാനും മാളിൽ സ്റ്റാളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആംഫി തിയേറ്റർ, വിശാലമായ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, എക്സിബിഷൻ ഏരിയ, 10,000 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, 380 പേർക്ക് ഇരിക്കാവുന്ന രണ്ട് മൾട്ടിപ്ലക്സ് തിയേറ്ററുകൾ, അം​ഗപരിമിതർക്കുള്ള പ്രത്യേക സൗകര്യങ്ങൾ, രണ്ട് ഇവന്റ് സോണുകൾ, ​ഗെയിം സോണുകൾ, 200 കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം എന്നീ അതിവിശാലമായ സജ്ജീകരണങ്ങൾ യൂണിറ്റി മാളിൽ ഒരുക്കും.

രാജ്യത്തെ 28 സംസ്ഥാനങ്ങള്‍ക്കും എട്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഒരു ജില്ല ഒരു ഉത്പ്പന്നം പ്രദർശിപ്പിക്കാൻ അവസരം ഉണ്ടാകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ ഏറ്റവും വേ​ഗത്തിൽ മുന്നോട്ടുപോകുന്നത് നമ്മുടെ സംസ്ഥാനമാണ്.

date