ശാസ്ത്രപഠനം രസകരമാക്കാൻ മഴവില്ല്: ദേശീയ ശില്പശാലയിൽ വിദഗ്ധരുടെ സംവാദം
കെ-ഡിസ്കിന്റെ നൂതന ശിശുകേന്ദ്രിത ശാസ്ത്രപഠനപദ്ധതി ‘മഴവില്ല് – ‘ടീച്ച് സയൻസ് ഫോർ കേരള’ യുടെ നാഷണൽ റിസോഴ്സ് ഗ്രൂപ്പ് മീറ്റിംഗും പദ്ധതിയുടെ രീതിശാസ്ത്രവുമായി ബന്ധപ്പെട്ട ഏകദിന ശാസ്ത്രവിദ്യാഭ്യാസ ദേശീയ ശില്പശാലയും തിരുവനന്തപുരത്ത് നടന്നു.
സംയോജിത തീമാറ്റിക് സമീപനം, പ്രശ്നാധിഷ്ഠിത പഠനം, അന്വേഷണാധിഷ്ഠിത പഠനരീതിശാസ്ത്രം എന്നിവയാണ് പദ്ധതിയുടെ അടിത്തറ. നേരിട്ടുള്ള പഠിപ്പിക്കൽ രീതികൾ ഒഴിവാക്കി, കമ്മ്യൂണിറ്റി സ്കഫോൾഡിങ് വഴിയുള്ള പഠനാനുഭവവും പരിവർത്തനാത്മക വിലയിരുത്തലും പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങളാണ്. ഗവേഷണ-അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിച്ച്, കേരള പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാനും, പരീക്ഷണങ്ങൾ സ്വയം നടത്താനും, കണ്ടെത്തലുകൾ പങ്കുവെക്കാനും അവസരം ഒരുക്കുന്ന രീതിയിലാണ് മഴവില്ല് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രായോഗിക പ്രവർത്തനങ്ങളിലൂടെയും, വിശകലനത്തിലൂടെയും, ശാസ്ത്രവുമായി ബന്ധപ്പെട്ട കളികൾ, സ്കിറ്റ്, റോൾപ്ലേ തുടങ്ങിയ സൃഷ്ടിപരമായ പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൽ ശാസ്ത്രബോധവും അന്വേഷണാത്മക മനോഭാവവും വളർത്തി ശാസ്ത്രപഠനം രസകരമാക്കുന്നതിനാണ് ഊന്നൽ.
കെ-ഡിസ്ക്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ, മഴവില്ല് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. ദുർഗമാലതി സ്വാഗതം പറഞ്ഞു. മഴവില്ല് പദ്ധതിയുടെ നാൾവഴികൾ സ്റ്റേറ്റ് അഡ്വൈസർ പി കെ രവീന്ദ്രൻ അവതരിപ്പിച്ചു.
'ആശയങ്ങളെ പരസ്പ്പരം ബന്ധിപ്പിച്ചുകൊണ്ട് യുക്തിപരമായ തുടർച്ചയിൽ പ്രവർത്തനാധിഷ്ഠിതമായ ശാസ്ത്രപഠനമാണ് മഴവില്ല് മുന്നോട്ട് വയ്ക്കുന്നതെന്ന് പി കെ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. കെഡിസ്ക് നടപ്പിലാക്കുന്ന വ്യത്യസ്ത പദ്ധതികൾ തമ്മിലുള്ള പരസ്പരബന്ധവും വിജ്ഞാന കേരളമെന്ന സ്വപ്നത്തിലേക്ക് കെഡിസ്ക് നടപ്പിലാക്കുന്ന വ്യത്യസ്ത പദ്ധതികൾക്കൊപ്പം മഴവില്ലിനുള്ള പ്രസക്തിയും കെഡിസ്ക്ക് മെമ്പർ സെക്രട്ടറി ഡോ പി വി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
പാഠ്യപദ്ധതിയുടെ ലക്ഷ്യങ്ങളും പുരോഗതിയും വിലയിരുത്തി പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് മഴവില്ല് ഉൾപ്പെടുത്തുന്നതിനായുള്ള സമഗ്രമായ ആസൂത്രണം സ്റ്റേറ്റ്, നാഷണൽ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു.
പി.എൻ.എക്സ് 4599/2025
- Log in to post comments