മെഷിനറി എക്‌സ്‌പോ ഇന്ന് (സെപ്റ്റംബർ 20) മുതല്‍
കാക്കനാട് കിൻഫ്ര എക്സിബിഷൻ സെന്ററിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും
സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മെഷിനറി എക്‌സ്‌പോ ഇന്ന് (സെപ്റ്റംബർ 20) കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ ആരംഭിക്കും. രാവിലെ 10.30ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
പൊതുജനങ്ങള്‍ എക്‌സ്‌പോയിലേക്ക് സൗജന്യ പ്രവേശനമുണ്ടായിരിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയാണ് പ്രവേശനം.
ഇരുന്നുറിലേറെ സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുണ്ടാവുക. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മെഷിനറി നിര്‍മ്മാതാക്കളും എക്‌സ്പോയില്‍ പങ്കെടുക്കുന്നുണ്ട്.
വിവിധ മേഖലകളിലായി മെഷീന്‍ ടൂളുകള്‍, ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍, സി.എന്‍.സി. മെഷിനുകള്‍, എസ്.പി. എമ്മുകള്‍, നൂതന പ്രോസസ്സിംഗ്- പാക്കേജിംഗ് മെഷീനുകള്‍ എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ പ്രദര്‍ശനം തത്സമയ യന്ത്ര ഡെമോകളിലൂടെ സാങ്കേതിക വികസനങ്ങളുടെ നേരിട്ടുള്ള അനുഭവം ഒരുക്കും.
സംരംഭകര്‍ക്കും സംരംഭം തുടങ്ങാനിരിക്കുന്നവര്‍ക്കും സാങ്കേതിക-വാണിജ്യ ഉള്‍ക്കാഴ്ചകളും വിശദാംശങ്ങളും നല്‍കുന്നതിന് പുറമെ, ബ്രാന്‍ഡ് നിര്‍മ്മാണത്തിനും എക്‌സ്‌പോ അവസരം ഒരുക്കും.ഇന്ത്യാ ഗവണ്‍മെൻ്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ സംഭരണ, വിപണന (പി.എം.എസ്) പദ്ധതിയുടെ പിന്തുണയോടു കൂടിയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ഉമാ തോമസ് എം. എല്‍. എ. അധ്യക്ഷയാകും. ഹൈബി ഈഡന്‍ എം.പി. പങ്കെടുക്കും.
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന എക്‌സ്‌പോ സെപ്റ്റംബർ 23 ന് സമാപിക്കും.
- Log in to post comments