അണ്ടലൂര്‍ പുതിയ പാലത്തിന് 27.56 കോടി രൂപ അനുവദിച്ചു
ധര്‍മ്മടം മണ്ഡലത്തിലെ പിണറായി - ധര്‍മ്മടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അണ്ടലൂര്‍ പുതിയ പാലം നിര്‍മാണത്തിനായി 27.56 കോടി രൂപ അനുവദിച്ചു. നേരത്തെ 25.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എസ്റ്റിമേറ്റ് പരിഷ്‌കരിച്ചതിന്റെ ഭാഗമായാണ് തുക പുതുക്കിയത്. സാങ്കേതികാനുമതി ലഭിച്ചാല്‍ ടെണ്ടര്‍ നല്‍കി നവംബറില്‍ പാലം നിര്‍മാണം തുടങ്ങാനാകും.
ഇരുവശത്തും നടപ്പാതകളില്ലാത്ത ഇടുങ്ങിയ പാലം നിലവിലുണ്ട്. വാഹനം കടന്നുപോകുന്ന സമയങ്ങളില്‍ ആളുകള്‍ക്ക് ഇതിലൂടെ നടന്ന് പുഴ മുറിച്ചു കടക്കാന്‍ സാധിക്കില്ല. അതിനാല്‍ വാഹനങ്ങളുടെയും കാല്‍ നട യാത്രക്കാരുടെയും സുരക്ഷിതമായ സഞ്ചാരത്തിന് നടപ്പാതയോടുകൂടിയ പാലം അത്യന്താപേക്ഷിതമാണ്. അണ്ടലൂര്‍ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയായതിനാല്‍ ഉത്സവ സമയത്തും മറ്റും ഗതാഗത തടസം ഉണ്ടാകുന്നതും പതിവാണ്. കഴിഞ്ഞ പ്രളയ സമയത്ത് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പാലത്തിനു ബലക്ഷയം ഉണ്ടാവുകയും ചെയ്തു. ഇതിനെല്ലാം പ്രതിവിധിയായാണ് പുതിയ പാലം നിര്‍മിക്കുന്നത്.
ദേശീയ ജലപാത കടന്നു പോകുന്നതിനാല്‍ പാലത്തിന്റെ ഉയരവും കൂടും. നിർദിഷ്ട പാലത്തിന് ആകെ 233.9 മീറ്റർ നീളവും 11 മീറ്റർ മുതൽ 12 മീറ്റർ വരെ വീതിയും 7.5 മീറ്റർ വീതിയിൽ ടാറിങും ഇരുവശങ്ങളിലും 1.5 മീറ്റർ ഫുട്പാത്തും ഉണ്ട്. ആകെ 15 സ്പാനുകള്‍ ഉണ്ട് അതില്‍ 12 സ്പാനുകള്‍ക്ക് 12.5 മീറ്റര്‍ നീളവും രണ്ട് സ്പാനുകള്‍ക്ക് 13.425 മീറ്റര്‍ നീളവും മധ്യ സ്പാനിന് 55 മീറ്റര്‍ നീളവും ഉണ്ട്. അപ്രോച്ച് റോഡും റോഡിന്റെ വശങ്ങളുടെ സംരക്ഷണത്തിനായി കോണ്‍ക്രീറ്റ് ഭിത്തികളും കരിങ്കല്‍ ഭിത്തികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയായാല്‍ മണ്ഡലത്തിലെ ഏറ്റവും നീളം കൂടിയ പാലവുമായിരിക്കും ഇത്.
- Log in to post comments