സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാചരണവും ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ ഫെസ്റ്റും നാളെ (ശനി) നടക്കും
സാങ്കേതികവിദ്യയുടെയും നൂതനാശയ നിര്‍മ്മിതിയുടെയും പ്രയോജനം എല്ലാവര്‍ക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിക്കപ്പെടുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദിനാചരണത്തിന്റെ മലപ്പുറം ജില്ലാതല പരിപാടികള്‍ നാളെ (ശനി) ഉച്ചയ്ക്ക് ശേഷം രണ്ടിന് നടക്കും. മലപ്പുറം സിവില്‍ സ്റ്റേഷനിലെ കൈറ്റ് ഓഫീസിലാണ് പരിപാടി. നാളെ (ശനി) രാവിലെ മുതല്‍ നടക്കുന്ന ഇന്‍സ്റ്റാള്‍ ഫെസ്റ്റിന്റെ ഭാഗമായി കൈറ്റ് ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ആവശ്യമുള്ള എല്ലാവര്‍ക്കും സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കും. ഉച്ചയ്ക്ക് ശേഷം രണ്ടു മുതല്‍ സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യം: പഠനത്തിനും പങ്കുവെക്കലിനും എന്ന വിഷയത്തില്‍ ന്യൂഡല്‍ഹി ഇന്റ്റര്‍ -യൂണിവേഴ്‌സിറ്റി ആക്‌സിലറേറ്റര്‍ സെന്റ്ററിലെ റിട്ട.സയന്റിസ്റ്റ് ഡോ. ബി.പി അജിത് കുമാര്‍, ഡീപ് സീക്ക് പഠിപ്പിച്ച പാഠങ്ങള്‍ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല കംപ്യൂട്ടര്‍ സയന്‍സ് പഠന വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വി.എല്‍.ലജിഷ് -എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ദിനാചരണത്തോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും വിവിധ ആഘോഷ പരിപാടികളും പ്രത്യേക അസംബ്ലി ചേര്‍ന്ന് സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യ പ്രതിജ്ഞയും എടുക്കും. ഈ വര്‍ഷത്തെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് ആമുഖ പ്രഭാഷണം നടത്തും.
- Log in to post comments