Skip to main content
കൈറ്റ് ജില്ലാ ഓഫീസില്‍ സംഘടിപ്പിച്ച സ്വതന്ത്രസോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റും ഫ്രീ സോഫ്റ്റ് ഗ്രാഫിക്‌സ് പരിശീലന പരിപാടിയും

കൈറ്റ്  സ്വതന്ത്ര സോഫ്റ്റ് വെയർദിനം ആചരിച്ചു

അറിവിന്റെ ജനകീയവത്കരണവും സ്വതന്ത്ര വിനിമയവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച സ്വതന്ത്രസോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് ആമുഖ പ്രഭാഷണം നടത്തി.

ദിനാചരണത്തിന്റെ ഭാഗമായി കൈറ്റ് ജില്ലാ ഓഫീസിൽ സ്വതന്ത്രസോഫ്റ്റ് വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ആവശ്യമുള്ളർക്ക് കൈറ്റ് ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം  സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. ഇതോടൊപ്പം വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമായി ഫ്രീ സോഫ്റ്റ്  വെയർ  ഗ്രാഫിക്സ് പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കൃത, സ്‌ക്രൈബസ് തുടങ്ങിയ സ്വതന്ത്ര ഗ്രാഫിക്കൽ ഡിസൈനിംഗ് സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് പോസ്റ്ററുകൾ, വിസിറ്റിംഗ് കാർഡുകൾ, ബ്രോഷറുകൾ, ലോഗോകൾ, മാഗസിൻ പേജുകൾ തുടങ്ങിയവ ഡിസൈൻ ചെയ്യാനും ലേഔട്ട് ചെയ്യാനുമുള്ള പരിശീലനത്തിന് കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ സുരേന്ദ്രൻ അടുത്തില, കൈറ്റ് മാസ്റ്റർ ടി രജിത്ത് എന്നിവർ നേതൃത്വം നൽകി. 50 പേർ പരിശീലനത്തിൽ പങ്കെടുത്തു.

സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണമെന്ന രീതിയിൽ സെപ്റ്റംബർ 22 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളിലും പ്രത്യേക അസംബ്ലി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ സെമിനാറുകൾ, റോബോട്ടിക് ഫെസ്റ്റ്, പോസ്റ്റർ നിർമാണ ക്യാമ്പയിൻ എന്നീ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.

date