ദേശീയ പോഷകാഹാര മാസാചരണം: പോഷകാഹാര പ്രദര്‍ശന മേളയും സെമിനാറും സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ചായോത്ത് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ദിശ ഹയര്‍ സ്റ്റഡീസ് കരിയര്‍ ഗൈഡന്‍സ് എക്സ്പോയുടെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് ഒരുക്കിയ പോഷകാഹാര പ്രദര്‍ശന മേള കുട്ടികളുടെ ഇടയില്‍ ശ്രദ്ധ ആകര്‍ഷിച്ചു. കുട്ടികളുടെ ഇടയില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക, പോഷക മടങ്ങിയ പലഹാരങ്ങളെയും ഭക്ഷണങ്ങളെയും പരിചയപ്പെടുത്തുക, ജങ്ക് ഫുഡിന്റെ ഉപയോഗം കുറക്കുക, ജീവിത ശൈലി ക്രമപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ആരോഗ്യ വകുപ്പ് ഇത്തരത്തില്‍ പ്രദര്‍ശന മേള ഒരുക്കിയത്. ആരോഗ്യകരമായ ഭക്ഷണം പരിചയപ്പെടുത്തുന്നതോടൊപ്പം സൗജന്യമായി പോഷകം നിറഞ്ഞ പലഹാരവും, ജൂസും കുട്ടികള്‍ക്ക് നല്കി. പ്രത്യേകമായി സജ്ജീകരിച്ച സ്റ്റാളില്‍ ഹെല്‍ത്തി പ്ലേറ്റ്, മഴവില്‍ പോഷണം, സ്മാര്‍ട്ട് സ്നാക്സ് എന്നിവ സംഘടിപ്പിച്ചു.
എക്സ്പോയില്‍ ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി സെമിനാറും വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബി.എം.ഐ, അനീമിയ പരിശോധനയും സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, നീലേശ്വരം താലൂക്ക് ആശുപത്രി, കരിന്തളം കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍, ജില്ലയിലെ ഡയറ്റീഷ്യന്മാര് എന്നിവര്‍ നേതൃത്വം നല്കി. ഏകദേശം 8000 പരം കുട്ടികള്‍ രണ്ട് ദിവസം നീണ്ടുനിന്ന എക്സിബിഷനില്‍ പങ്കെടുത്തു. മാറുന്ന കാലഘട്ടത്തില്‍ ആരോഗ്യ കരമായ ഭക്ഷണ ശീലം വളര്‍ത്തി എടുക്കാന്‍ കുട്ടികളുടെ ഇടയില്‍ ഇത്തരത്തിലുള്ള ബോധവത്കരണ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് പറഞ്ഞു.
- Log in to post comments