Skip to main content

ജില്ലയിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അവണൂര്‍ ഗ്രാമപഞ്ചായത്തിന്റെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനവും ഇന്ന് (സെപ്റ്റംബര്‍ 25) നടക്കും. എരുമപ്പെട്ടി ആരോഗ്യ കേന്ദ്രം വൈകീട്ട് 4.30 നും അവണൂര്‍ ആരോഗ്യ കേന്ദ്രം 5.30 നും ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിക്കും. എ.സി മൊയ്തീന്‍ എം.എല്‍.എ എരുമപ്പെട്ടിയിലും സേവ്യര്‍ ചിറ്റിലപ്പള്ളി എം.എല്‍.എ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിക്കും. കെ. രാധാകൃഷ്ണന്‍ എം.പി മുഖ്യാതിഥിയാകും.  

 നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.20 കോടി രൂപ ചെലവഴിച്ചാണ് എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ പുതിയ ഐ.പി, ഒ.പി വാര്‍ഡുകളുള്ള കെട്ടിടവും, സ്റ്റാഫ് കോട്ടേഴ്‌സും നിര്‍മ്മിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപയും ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനായി വിനിയോഗിച്ചു. അവണൂര്‍ പഞ്ചായത്തിലെ 66 വര്‍ഷം പഴക്കമുള്ള ആരോഗ്യ കേന്ദ്രത്തിന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച 1.43 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഉദ്ഘാടനം ചെയ്യപ്പെടുന്ന രണ്ട് ആരോഗ്യ കേന്ദ്രങ്ങളിലെ പുതിയ കെട്ടിടങ്ങളും പ്രദേശത്തെ ആരോഗ്യ മേഖലയുടെ അടിസ്ഥാന വികസന സൗകര്യത്തിന് കരുത്താകും.

date