Skip to main content

ചിത്രം നിറയെ സ്നേഹം; കളക്ടറെ കാണാൻ അശ്വിൻ എത്തി  

ബഡ്സ് സ്കൂൾ വിദ്യാർത്ഥി അശ്വിൻ ശ്രീകുമാറിന്റെ വലിയൊരു സ്വപ്നമായിരുന്നു താൻ വരച്ച ചിത്രം ജില്ലാ കളക്ടർക്ക് നേരിട്ട് സമ്മാനിക്കണമെന്നത്. ആ ആഗ്രഹം ഇന്നലെ യാഥാർഥ്യമായി. നിറഞ്ഞ സന്തോഷത്തോടെ കളക്ടറുടെ മുന്നിലെത്തിയ അശ്വിൻ, തൻ്റെ സ്വന്തം കൈകളാൽ വരച്ച മനോഹരമായ ഛായാചിത്രം കളക്ടർക്ക് സമ്മാനിച്ചു.

ചേർപ്പ് വെളുത്തേടത്ത് വീട്ടിൽ ശ്രീകുമാറിന്റെയും ബീന ശ്രീകുമാറിന്റെയും മകനായ അശ്വിൻ ചേർപ്പ് സാന്ത്വനം ബഡ്‌സ് സ്കൂളിലെ പ്രീ-വൊക്കേഷണൽ വിദ്യാർത്ഥിയാണ്. ചെറുപ്പം മുതൽക്കേ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്ന അശ്വിൻ മൃഗങ്ങളെയും പ്രകൃതിയെയും വരച്ചുകൊണ്ടാണ് ചിത്രകലയുടെ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് പോർട്രെയ്റ്റ് ചിത്രങ്ങൾ വരച്ചു തുടങ്ങി. പെൻസിൽ ഡ്രോയിംഗ് കൂടാതെ മ്യൂറൽ പെയിൻ്റിങ്ങും വാട്ടർ കളർ പെയിൻ്റിങ്ങും അശ്വിന് നന്നായി വഴങ്ങും. കഴിഞ്ഞ രണ്ടുവർഷമായി കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന ജില്ലാ ബഡ്സ് കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്ങിൽ ഒന്നാം സ്ഥാനം തുടർച്ചയായി നേടുന്ന കലാകാരൻ കൂടിയാണ് അശ്വിൻ.

നേരത്തെ മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവർക്കും മുൻ ജില്ലാ കളക്ടർ കൃഷ്ണ തേജയ്ക്കും അശ്വിൻ ഛായാചിത്രങ്ങൾ വരച്ചു നൽകിയിട്ടുണ്ട്. മാതൃഭൂമി പത്രാധിപരായിരുന്ന എം.പി വീരേന്ദ്രകുമാർ അന്തരിച്ചപ്പോൾ വരച്ച ചിത്രം മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചു. തൃശൂർ ഭവൻസിലാണ് അശ്വിൻ ചിത്രരചന പരിശീലിക്കുന്നത്.

date