Skip to main content

പബ്ലിക് സ്ക്വയറിലൂടെ കുന്നുകരയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായി - മന്ത്രി പി രാജീവ്

കുന്നുകരയിൽ ‘ മന്ത്രിക്കൊപ്പം ഒരു മണിക്കൂർ ‘ അദാലത്ത്  

 

 കളമശ്ശേരി മണ്ഡലത്തിലെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വർഷം സംഘടിപ്പിച്ച പബ്ലിക് സ്ക്വയർ അദാലത്തിലൂടെ ശ്രദ്ധയിൽപ്പെട്ട കുന്നുകരയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

 കുന്നുകരയിൽ ‘ മന്ത്രിക്കൊപ്പം ഒരു മണിക്കൂർ ‘ വാർഡ്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

 

ആദ്യ വർഷങ്ങളിലെ പബ്ലിക് സ്ക്വയർ അദാലത്തിനുശേഷം ശേഷം താലൂക്ക് , തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചു. മണ്ഡലതലത്തിൽ വിപുലമായ അദാലത്ത് നടത്താനും കഴിഞ്ഞു. കുന്നുകര-കരുമാല്ലൂർ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി രണ്ട് കോടി ലിറ്റർ സംഭരണ ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റിന് അംഗീകാരം നൽകി. പ്ലാന്റിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം നടന്നു വരുകയാണ്. 

 

സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായാൽ ഉടൻ തന്നെ കുന്നുകരയിൽ കിൻഫ്രയുടെ ഫുഡ് പാർക്ക് നിർമ്മാണം ആരംഭിക്കും. സ്ഥലം ലഭ്യമായാൽ പുതിയ അങ്കണവാടി കെട്ടിടം നിർമ്മിക്കും. തെരുവുനായ പ്രശ്നങ്ങൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലൈബ്രറികൾക്ക് ഒപ്പം പദ്ധതിയിലൂടെ പഞ്ചായത്തിലെ ലൈബ്രറി നവീകരിക്കും. ചുങ്കം മാഞ്ഞാലി റോഡിലെ നവീകരണ പ്രവർത്തങ്ങൾ പൂർത്തിയാക്കുമെന്നും ഓപ്പറേഷൻ വാഹിനി പദ്ധതിയിലൂടെ തോടുകൾ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു .

 

 ഗവ എൽ പി സ്കൂളിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ സുധ വിജയൻ അധ്യക്ഷയായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ കാസിം, വാർഡ് മെമ്പർ രമ്യ സുനിൽ,കുന്നുകര സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ് വേണു , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

date