Skip to main content

അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തലശ്ശേരി ഒരുങ്ങുന്നു

ഉദ്ഘാടനം ഒക്ടോബര്‍ 16ന്

അതിര്‍വരമ്പുകളേതും ഇല്ലാത്ത വിധം ദേശങ്ങളും ഭാഷയും സംസ്‌കാരവും ഒന്നിക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് തലശ്ശേരി ഒരുങ്ങുന്നു.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ തലശ്ശേരി ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ 16 ന് വൈകുന്നേരം അഞ്ച് മണിക്ക് വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. നിയമസഭ സ്പീക്കര്‍ അഡ്വ എ.എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തലശ്ശേരിയുടെ സിനിമാ ചരിത്രത്തിലെ പ്രധാന നാഴിക കല്ലായി ഈ ഫെസ്റ്റിനെ മാറ്റുമെന്ന് സ്പീക്കര്‍ പറഞ്ഞു.

മേളയില്‍ അന്താരാഷ്ട്ര നിലവാരമുള്ള 55 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 31 ഇന്റര്‍നാഷണല്‍ സിനിമകളും 10 ഇന്ത്യന്‍ സിനിമകളും 14 മലയാള സിനിമകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ പ്രമുഖതാരങ്ങളും സംവദിക്കും. ഡെലിഗേറ്റ് ഫീസ് 354 രൂപയും വിദ്യാര്‍ഥികള്‍ക്ക് 177 രൂപയുമാണ്. https://registration.iffk.in/ ലിങ്ക് വഴി ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ചെയ്യാം. തലശ്ശേരി സംഘാടകസമിതി ഓഫീസിലും ലീബര്‍ട്ടി തിയേറ്ററിലും ഓഫ് ലൈനായും രജിസ്റ്റര്‍ ചെയ്യാം.

യോഗത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, ട്രഷറര്‍ ശ്രീലാല്‍, പ്രൈവറ്റ് സെക്രട്ടറി ടി മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എസ്. കെ അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.

date