Skip to main content

വികസനത്തിൻ്റെ പെരുമണ്ണ പെരുമ

പെരുമണ്ണ വികസന സദസ്സ്

 

വികസന കാഴ്ചപ്പാടുകളും നേട്ടങ്ങളും മുന്നോട്ടുവെച്ച് പെരുമണ്ണ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. വികസന സദസ്സ് പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.   വിപുലമായ വികസന കാഴ്ചപ്പാട് മുന്നോട്ട് വെച്ച ജില്ലയിലെ പ്രധാന ഗ്രാമപഞ്ചായത്താണ് പെരുമണ്ണയെന്ന് എംഎൽഎ പറഞ്ഞു. അടിസ്ഥാന വികസനങ്ങളുടെ കാര്യത്തിൽ പഞ്ചായത്ത് ഒരുപാട് മുന്നിലാണ്. 

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം, പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ ഭരണ നേട്ടങ്ങളുടെ ചിത്രപ്രദർശനം, കെ സ്മാർട്ട് ക്ലിനിക്ക്, എക്സിബിഷൻ എന്നിവയും സദസ്സിന്റെ ഭാഗമായി നടന്നു.

സംസ്ഥാന സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിൻ്റെ ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദേശങ്ങളും പങ്കുവെക്കൽ, ചർച്ച എന്നിവ നടന്നു. പഞ്ചായത്തിൻറെ തനത് ഫണ്ട് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കൽ, പ്രദേശത്തെ കലാകാരന്മാർക്കായി സാംസ്കാരിക ഇടം സൃഷ്ടിക്കൽ, ക്ഷീര മേഖലയിലെ വികസനം, പഞ്ചായത്തിൻ്റെ കീഴിൽ വ്യവസായ  കേന്ദ്രങ്ങൾ തുടങ്ങൽ, കായിക താരങ്ങളെ വളർത്തി എടുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കൽ, കാർഷിക മേഖലയിലെ വികസനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു.

പുത്തൂർമഠം റിഥം ഓഡിറ്റോയത്തിൽ നടന്ന ചടങ്ങിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് സി ഉഷ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം എ പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ അജിത, ശ്വാമള പറശ്ശേരി, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ടി നിസാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ ജിഷിത്ത്, അസിസ്റ്റൻറ് സെക്രട്ടറി എൻ സുരേഷ് കുമാർ, റിസോഴ്‌സ് പേഴ്‌സൺ ടി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികൾ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വികസനത്തിൻ്റെ പെരുമണ്ണ പെരുമ

വികസനത്തിൽ പെരുമണ്ണ പെരുമ ഉയർത്തി കാണിക്കുകയാണ് പെരുമണ്ണ ഗ്രാമപഞ്ചായത്ത്. അതിദരിദ്ര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ 92 കുടുംബങ്ങളെ കണ്ടെത്തി വീട് ഇല്ലാതിരുന്ന 16 കുടുംബങ്ങൾക്ക് വിവിധ ഫണ്ടുകളായി 64 ലക്ഷം രൂപ വകയിരുത്തി ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നിർമ്മിച്ചു നൽകി. ഭൂമി ഇല്ലാത്തിരുന്ന മൂന്ന് കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കി. വാസയോഗ്യമല്ലാതിരുന്ന ഒൻപത് വീടുകൾ പദ്ധതിയിൽ ഉൾപ്പെടുത്തി വാസയോഗ്യമാക്കി. എല്ലാ സാമ്പത്തിക വർഷവും ഒരു ലക്ഷം രൂപ വകയിരുത്തി മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. അതിദരിദ്ര ഗുണഭോക്താക്കളുടെ വീടുകളിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്‌തു സഞ്ചാരയോഗ്യമാക്കുകയും കിണർ നിർമിച്ചു നൽകുകയും ചെയ്‌തു.  

എല്ലാ അധ്യയനവർഷത്തിലും സ്പോൺസർഷിപ്പിലൂടെ തുക കണ്ടെത്തി 30 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കി. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് പാസ്സ്, പ്ലസ് വൺ അഡ്‌മിഷൻ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 907,000 രൂപ ചിലവഴിച്ച് 11 പേർക്ക് ആട്ടിൻകൂട്, കോഴിക്കൂട് എന്നിവയും ലഭ്യമാക്കി.

date