മലയോര മേഖലയിലെ വികസന നേട്ടങ്ങള്‍ പങ്കുവെച്ച് കൂരാച്ചുണ്ട് പഞ്ചായത്ത് വികസന സദസ്സ്
മലയോര മേഖലയായ കൂരാച്ചുണ്ടില്‍ സംസ്ഥാന സര്‍ക്കാറും ഗ്രാമപഞ്ചായത്തും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പങ്കുവെച്ച് വികസന സദസ്സ്. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വി കെ ഹസീന ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കല്‍, ചര്‍ച്ച എന്നിവ വികസന സദസ്സില്‍ നടന്നു. നദികളിലെ മണല്‍ നീക്കം ചെയ്ത് ജലസംരക്ഷണം ഉറപ്പുവരുത്തുക, പൊതുശ്മശാനം നിര്‍മിക്കുക, ജലസ്രോതസ്സുകളുടെ കരകള്‍ കെട്ടി സംരക്ഷിക്കുക, തകര്‍ന്ന ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കുക, പകല്‍വീട് നിര്‍മിച്ചു നല്‍കുകയും വയോജന ക്ഷേമത്തിന് ആവശ്യമായ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 79 കോടി രൂപയാണ് പഞ്ചായത്തില്‍ ചെലവഴിച്ചത്. 48.70 കോടി രൂപ വാര്‍ഷിക പദ്ധതികളിലൂടെയും 30.30 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴിയും ചെലവിട്ടു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം വിത്സണ്‍ മംഗലത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍ ജെ ആന്‍സമ്മ, സിനി ഷിജോ, കെ വിജയന്‍, സെക്രട്ടറി ഫാത്തിമ നിഷാന, അസി. സെക്രട്ടറി മഹേഷ്, കില റിസോഴ്‌സ് പേഴ്‌സണ്‍ നിധിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments