വികസനനേട്ടങ്ങളുടെ നേർക്കാഴ്ചയൊരുക്കി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വികസന സദസ്
പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ നേർക്കാഴ്ച ഒരുക്കി പറപ്പൂക്കര വികസന സദസ്. വാഗ്ദാനങ്ങൾ നടപ്പിലാക്കുകയും അത് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുകയും ഇനി എന്തെല്ലാം നടപ്പാക്കാം എന്ന കൂടിയാലോചനയാണ് ഓരോ വികസന സദസ്സുമെന്ന് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു.
സുതാര്യമായ വികസന പ്രവർത്തനങ്ങളാണ് സർക്കാർ കാഴ്ചവയ്ക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി കേരളം ഒരുപാട് രംഗത്ത് രാജ്യത്തിന് തന്നെ മോഡലാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ എന്നും പ്രഥമ പരിഗണന നൽകുന്നുണ്ടെന്നും എം.പി കൂട്ടിച്ചേർത്തു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന വികസന സദസിൽ കെ.കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജനങ്ങളെ കേൾക്കുന്ന, അറിയുന്ന സർക്കാരാണ് ഇന്നുള്ളത്. ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും എം.എൽ.എ കെ. കെ രാമചന്ദ്രൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വികസനരേഖ കെ രാധാകൃഷ്ണൻ എം പി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. എൻ. നിധിൻ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ വികസന റിപ്പോർട്ട് റിസോഴ്സ് പേഴ്സൺ സി. ജി. ജയകൃഷ്ണൻ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോ സദസിൽ പ്രദർശിപ്പിച്ചു.
അഞ്ചുവർഷങ്ങളിലായി 145 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പിലാക്കിയത്. അതി ദരിദ്രർ ഇല്ലാത്ത പഞ്ചായത്തായി പറപ്പൂക്കര പഞ്ചായത്ത് മാറിക്കഴിഞ്ഞു. ലൈഫ് ഭവന പദ്ധതിയിൽ എട്ടു കോടി 68 ലക്ഷം രൂപ ചെലവഴിച്ചു. മാലിന്യ സംസ്കരണം മേഖലയിൽ ഒരുകോടി 66 ലക്ഷം രൂപ ചെലവാക്കി. ക്ലീൻ ഗ്രീൻ പറപ്പൂക്കര പദ്ധതി വഴി മേക്ക് ബ്യൂട്ടി സ്പോട്ട്, ക്ലീൻ പറപ്പൂക്കര തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. സമ്പൂർണ്ണ ചികിത്സാ ധനസഹായ പദ്ധതിയായ ജീവനം, പഞ്ചമി പഠന കേന്ദ്രം, ഡെസ്റ്റിനേഷൻ ചലഞ്ച്, കേരഗ്രാമം, കേര വസന്തം, അമൃതം കർക്കിടകം, പറപ്പൂക്കര എഫ് എം, തുടങ്ങിയവ പഞ്ചായത്തിന്റെ തനത് പദ്ധതികളാണ്. നവീകരിച്ച ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം, ബഡ്സ് സ്കൂൾ, വനിതാ ഫിറ്റ്നസ് സെന്റർ, സ്മാർട്ട് അങ്കണവാടികൾ, ഓപ്പൺ ജിം, പകൽവീട്, കാർഷിക കർമ്മ സേന, ടേക്ക് എ ബ്രേക്ക്, വയോജനങ്ങൾക്ക് സായാഹ്ന പാർക്ക്, മൊബൈൽ ക്രിമിറ്റോറിയം തുടങ്ങിയവ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളാണ്.
ഓപ്പൺ ഫോറത്തിന് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സി. പ്രദീപ് നേതൃത്വം നൽകി. വികസന നിർദ്ദേശങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ. കെ. അനൂപ് മറുപടി നൽകി.
വികസന സദസ്സിൽ കെ - സ്മാർട്ട് ക്ലിനിക്കും, പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളുടെ ചിത്രപ്രദർശനവും ശ്രദ്ധേയമായി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വികസന സദസിന് മുന്നോടിയായി പാചക മത്സരം, തൊഴിൽമേള, വികസനസംവാദം എന്നിവ സംഘടിപ്പിച്ചിരുന്നു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. അനൂപ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. സി. പ്രദീപ്, കാർത്തിക ജയൻ, പി. ടി കിഷോർ, എം.കെ ഷൈലജ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ. കെ സത്യൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സരിത തിലകൻ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments